കാലിഫോര്‍ണിയ: മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ ഉടമസ്ഥതയിലുള്ള മെറ്റ പ്ലാറ്റ്‌ഫോമുകള്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായിരുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് ഇന്ന് പുലര്‍ച്ചെ വരെ പണിമുടക്കിയത്. ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവന്നുവെങ്കിലും മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ട്രോളുകള്‍ അവസാനിക്കുന്നില്ല. ‘അവരായി, അവരുടെ പാടായി… മെറ്റ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നം കാണാത്ത പോലെ നമുക്കിരിക്കാം’ എന്ന തരത്തിലായിരുന്നു അനവധി എക്‌സ് (ട്വിറ്റര്‍) ഉപഭോക്താക്കളുടെ പ്രതീകരണം. 

ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകളോളം അടിച്ചുപോയതോടെ ആഘോഷം മൊത്തം ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സിലാണ്. മെറ്റ പ്രവര്‍ത്തനരഹിതമായതോടെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ ‘നമ്മളില്ലേ, ഒന്നും കാണാത്തപോലെ ഇരിക്കാം’ എന്ന ലൈനിലാണെന്ന് മീമുകള്‍ പറയുന്നു. മെറ്റയുടെ പ്രശ്നം പരിഹരിക്കാന്‍ തലപുകയ്ക്കുന്ന സക്കര്‍ബര്‍ഗും മീമുകളില്‍ നിറഞ്ഞു. 

മെറ്റയുടെ സമൂഹ മാധ്യമ സർവീസുകളിൽ ലോകമെങ്ങുമുണ്ടായ തടസം പരിഹരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11 മണി മുതല്‍ നേരിട്ട സാങ്കേതികപ്രശ്‌നം നാല് മണിക്കൂറിലേറെ സമയമെടുത്താണ് പരിഹരിക്കാന്‍ മെറ്റയ്ക്കായത്. ആപ്പുകളില്‍ പ്രശ്‌നം നേരിട്ടതില്‍ മെറ്റ ഖേദം പ്രകടിപ്പിച്ചു. 

പ്രശ്‌നം തുടങ്ങി മിനുറ്റുകള്‍ക്കം 50,000ത്തിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളാണ് ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതി രജിസ്റ്റര്‍ ചെയ്തതത്. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെ നീണ്ടു പരാതികള്‍. ഇന്‍സ്റ്റഗ്രാം ലഭിക്കുന്നില്ല എന്ന് കാണിച്ച് 23,000ത്തിലേറെ പരാതികളും ഉടനടി എത്തി. ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ലെന്നും റീല്‍സ് ഇന്‍റര്‍ഫേസ് അപ്രത്യക്ഷമായി എന്നുമായിരുന്നു ഏറെ പരാതികള്‍. മെസേജുകളിലേക്കുള്ള ആക്സസിലും പ്രശ്‌നം നേരിട്ടു. വാട്‌സ്ആപ്പിലും പലര്‍ക്കും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു.