സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ നൽകുമെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾക്കും കരാറുകാർക്കും കമ്പനിയുടെ ഏറ്റവും പുതിയ ലാമ 3 എഐ മോഡൽ ഉപയോഗിക്കാനാവുമെന്നും കമ്പനി തിങ്കളാഴ്ച (നവംബർ 4) വ്യക്തമാക്കി.
ലോഖീദ് മാർട്ടിൻ, ഐബിഎം, ആമസോൺ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ പോലുള്ള രാജ്യസുരക്ഷാ രംഗത്ത് യുഎസിന്റെ കരാറുകാരായ സ്ഥാപനങ്ങൾക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കുമെന്നും അതുവഴി ലാമ എഐ ഭരണകൂടത്തിന് ലഭ്യമാക്കുമെന്നുമാണ് മാർക്ക് സക്കർബർഗ് പറയുന്നത്. ഇതുവഴി യുഎസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ പങ്കാളികളാവുകയാണെന്നും മെറ്റ മേധാവി പറഞ്ഞു.
ഒരു അമേരിക്കൻ കമ്പനി എന്ന നിലയിൽ, അമേരിക്ക ഉയർത്തിപ്പിടിക്കുന്ന സംരംഭകത്വ മനോഭാവത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ചെറുതല്ലാത്ത കടപ്പാട് എന്ന നിലയിൽ യുഎസിന്റേയും സഖ്യകക്ഷികളുടേയും സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവയ്ക്ക് പിന്തുണ നൽകാൻ മെറ്റ അതിന്റെതായ പങ്കുവഹിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈബർ മേഖലയിലെ പ്രതിരോധം ഭീകരവാദികളുടെ സാമ്പത്തിക ഉറവിടം കണ്ടെത്തൽ, ചരക്കുനീക്കം സുഗമമാക്കൽ എന്നീ രംഗങ്ങളിൽ എഐ ഉപയോഗിക്കാനാണ് യുഎസ് സൈന്യം ഉദ്ദേശിക്കുന്നത്.
അതേസമയം, സൈനിക ആവശ്യങ്ങൾക്കും ആണവ വ്യവസായങ്ങൾക്കും ചാരവൃത്തിക്കും എഐ മോഡൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് മെറ്റയുടെ ആസ്പറ്റബിൾ യൂസ് പോളിസിയിൽ പറയുന്നത്. എന്നാൽ യുഎസിനെയും അതിന്റെ ജനാധിപത്യ മൂല്യങ്ങളേയും സംരക്ഷിക്കുന്നതിനായുള്ള എഐയുടെ ഉത്തരവാദിത്വപൂർണവും ധാർമികവുമായ ഉപയോഗത്തെ ഇപ്പോൾ കമ്പനി പിന്തുണയ്ക്കുന്നുണ്ടെന്നാണ് മെറ്റ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറയുന്നത്.
യുഎസ് സൈന്യത്തിന് എഐ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനിയല്ല മെറ്റ. നേരത്തെ തന്നെ ഓപ്പൺ എഐ പെന്റഗണുമായി സഹകരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
അതേസമയം സൈനിക രംഗത്തെ എഐയുടെ ഉപയോഗം സംബന്ധിച്ച ആശങ്ക വർധിക്കുകയാണ്. ഒരു ഡിഫൻസ് ചാറ്റ്ബോട്ട് നിർമിക്കുന്നതിനായി ചൈനീസ് ഗവേഷകർ മെറ്റ എഐ ഉപയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കാലാഹരണപ്പെട്ട ലാമ മോഡലിന്റെ ഉപയോഗം അനധികൃതമാണെന്നും തങ്ങളുടെ നയത്തിന് എതിരാണെന്നുമാണ് ഇതേ കുറിച്ചുള്ള മെറ്റയുടെ പ്രതികരണം.