ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോംസ് കമ്പനിയിലെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) പ്രോഗ്രാമുകൾ നിർത്തലാക്കി. വശം, ലിംഗഭേദം, ദേശം, പ്രായം ഉൾപ്പടെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ കമ്പനിയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് മെറ്റ ഡിഇഐ പ്രോഗ്രാം നടപ്പാക്കിയിരുന്നത്. പക്ഷപാതിത്വം ഒഴിവാക്കി എല്ലാവർക്കും തുല്യ പരിഗണന നൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
വെള്ളിയാഴ്ച ജീവനക്കാർക്ക് നൽകിയ കത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി പ്രവർത്തന രീതിയിലും നയത്തിലും സമൂലമാറ്റങ്ങൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് മെറ്റ. ദിവസങ്ങൾക്ക് മുമ്പാണ് മെറ്റയുടെ ഫാക്ട് ചെക്കിങ് പ്രോഗ്രാം കമ്പനി നിർത്തലാക്കിയത്.
മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ രാഷ്ട്രീയ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട നയങ്ങളെ നിശിതമായി വിമർശിച്ചിട്ടുള്ള ട്രംപ് കമ്പനി മേധാവിയെ ജിയിലിൽ അടക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. അധികാരത്തിലേറുന്നതിന് മുമ്പ് ട്രംപ് പക്ഷവുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മാർക്ക് സക്കർബർഗും കമ്പനിയും.
വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ എന്നിവയുമായി ബന്ധപ്പെട്ട യുഎസിലെ നിയമങ്ങളിലും നയങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന് മെറ്റ എച്ച്ആർ വൈസ് പ്രസിഡന്റ് ജാനെൽ ഗെയ്ൽ ജീവനക്കാർക്ക് നൽകിയ പറഞ്ഞു.
വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ എന്നീ വാക്കുകൾ വിമർശനം നേരിടുന്നുണ്ടെന്നും ചില വിഭാഗങ്ങൾക്ക് മറ്റുള്ളവരേക്കാൾ മുൻഗണന നൽകുന്ന സമ്പ്രദായമായി ഇത് മാറുന്നുവെന്നാണ് ചിലർ വിശ്വസിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമുള്ളവർക്കും മെറ്റ അവസരം നൽകുമെങ്കിലും വൈവിധ്യങ്ങളിൽ മാത്രം ഊന്നിക്കൊണ്ടുള്ള സമീപനം നിർത്തലാക്കിമെന്നാണ് കമ്പനി പറയുന്നത്.