ഇറ്റലിയിലെ അഭയാർത്ഥികൾ കടുത്ത അനീതികൾക്ക് വിധേയരാകുന്നുവെന്നും, സംശയത്തോടും ഭയത്തോടും കൂടിയാണ് ആളുകൾ അവരെ നോക്കിക്കാണുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഫെബ്രുവരി 4 ചൊവ്വാഴ്ച “ഞങ്ങളുടെ സ്വരവും വിലപ്പെട്ടതാണ്” എന്ന പേരിൽ യൂണിസെഫിന്റെ ഇറ്റലിയിലെ പ്രാദേശികഘടകം പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെയാണ്, അഭയാർത്ഥികൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഈ ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവന നടത്തിയത്.

തങ്ങളുടെ നിറത്തിന്റെ പേരിൽ വിവേചനകൾ അനുഭവിക്കുന്നുണ്ടെന്ന് മുപ്പത്തിയൊൻപത് ശതമാനം അഭയാർത്ഥികളും “യു റിപ്പോർട്ട് ഓൺ ദി മൂവ്” എന്ന പ്ലാറ്റ്‌ഫോമിൽ നടത്തിയ സർവ്വേയിൽ സാക്ഷ്യപ്പെടുത്തിയെന്ന് അറിയിച്ച ശിശുക്ഷേമനിധി, എന്നാൽ ആറു ശതമാനം അഭയാർത്ഥികളാണ് മതത്തിന്റെ പേരിൽ വിവേചനമനുഭവിച്ചതെന്ന് വ്യക്തമാക്കി. സുരക്ഷാകാരണങ്ങളാൽ പ്രദേശങ്ങളിലൂടെ കടന്നുപോകാൻപോലും തങ്ങൾക്ക് ഭയമുണ്ടെന്ന് പല അഭയാർത്ഥികളും അറിയിച്ചുവെന്ന് യൂണിസെഫ് റിപ്പോർട്ട് ചെയ്തു. അഭയാർത്ഥികേന്ദ്രങ്ങളിൽ തങ്ങൾക്ക് ലഭിച്ച സ്വീകരണനടപടികൾ തങ്ങളിൽ മാനസികമായി സംഘർഷങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ടെന്ന് അറുപത് ശതമാനം അഭയാർത്ഥികളും പരാതിപ്പെട്ടു.

അഭയാർത്ഥികൾക്കായി വിവിധ വിദ്യാഭ്യാസസാധ്യതകൾ ഒരുക്കുന്നുണ്ടെങ്കിലും മുപ്പത് ശതമാനത്തോളം അഭയാർത്ഥികൾ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട് ചെയ്ത യൂണിസെഫ്, ഇറ്റലിയിലെത്തിയ അഭയാർത്ഥികളിൽ നാൽപ്പത്തിയേഴ് ശതമാനം പേരും രണ്ടു മാസങ്ങൾക്ക് ശേഷം മാത്രമാണ് ഭാഷാപഠനം ആരംഭിച്ചതെന്ന് അറിയിച്ചു.

2024-ൽ ഇറ്റലിയിലെത്തിയ കുട്ടികളും യുവജനങ്ങളുമുൾപ്പെടുന്ന അഭയാർത്ഥികൾക്കിടയിൽ നടത്തിയ പഠനങ്ങളുടെ ഫലമാണ് യൂണിസെഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പതിനെണ്ണായിരത്തിലധികം ആളുകളാണ് “യു റിപ്പോർട്ട് ഓൺ ദി മൂവ്” എന്ന പ്ലാറ്റ്‌ഫോമിൽ ചേർന്നിട്ടുള്ളത്.