അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ, കാനഡയിലേക്ക് അനധികൃതമായി കടന്നുപോകുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് എന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ കർശനമായ കുടിയേറ്റ നയങ്ങളും, കൂട്ടപ്പുറത്താക്കൽ ഭീഷണിയും കാരണം ഭയന്നുപോകുന്ന നിരവധി കുടിയേറ്റക്കാർ അമേരിക്ക വിടാൻ തീരുമാനിക്കുകയാണ് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

കുടിയേറ്റക്കാരിൽ പലർക്കും താൽക്കാലിക താമസാനുമതിയുണ്ടെങ്കിലും, കുടിയേറ്റ കോടതികളിൽ നിലവിലുള്ള കേസ് അനുകൂലമായി തീരില്ലെന്ന ഭയം ആണ് ഇവരെ കാനഡയിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ കൂട്ടപ്പുറത്താക്കൽ നടപടികൾ ആരംഭിക്കുന്നതിനു മുമ്പേ കാനഡയിൽ അഭയം തേടുക എന്നതാണ് ഇവരുടെ ലക്ഷ്യം.അതേസമയം അമേരിക്കൻ അതിർത്തി സേനയ്ക്ക് ഇവരുടെ ഉദ്ദേശം അറിയാം എങ്കിലും ഇവർ അമേരിക്ക വിട്ട് പോകുന്നതിൽ തടസ്സപ്പെടുത്താൻ അവർക്കാകില്ല.

കാനഡയിലേക്കുള്ള അനധികൃത കുടിയേറ്റം കുതിക്കുന്നു എന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്. അമേരിക്ക-കാനഡ അതിർത്തി 5,500 മൈൽ (8,850 കി.മീ.) ദൈർഘ്യമുള്ളതാണ്, അതിനാൽ തികച്ചും ദുർഗമമായ പ്രദേശങ്ങളിലൂടെ പോലും കുടിയേറ്റക്കാർ കടന്നുപോകുന്നുണ്ട്. 2024-ൽ, അൽബെർട്ടയിൽ 20 ഓളം അനധികൃത കുടിയേറ്റക്കാർ പിടിയിലായി, എന്നാല്‍ 2023-ൽ ഇത് വെറും 7 പേർ മാത്രമായിരുന്നു.

ജോ ബൈഡൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ, കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം റെക്കോർഡിലെത്തിയിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ, 23,700 കുടിയേറ്റക്കാർ കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കടന്നതായി രേഖകളിൽ പറയുന്നു, 2022-ൽ ഇത് വെറും 2,200 ആയിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ മറുവശത്തേക്ക് തിരിഞ്ഞിരിക്കുകയാണ് – കൂടുതൽ പേർ കാനഡയിലേക്ക് പോകുന്നു.

കാനഡയെ അക്ഷരാർത്ഥത്തിൽ സമ്മർദ്ദത്തിലാക്കുകയാണ് ട്രംപ് നടപടികൾ. അമേരിക്കൻ അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം കാനഡയുമായി ചർച്ചനടത്തിയിരുന്നു. ഇത് പാലിക്കാതിരുന്നാൽ, 25% വരെ കസ്റ്റംസ് തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി ട്രംപ് നൽകിയിട്ടുണ്ട്. അതേസമയം കാനഡ അതിർത്തി പൊലീസ് (CBSA) ഇപ്പോൾ അഭയാർത്ഥി അപേക്ഷകളുടെ ആധികാരികത  കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുന്നു. കാനഡയുടെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്താൻ, $900 മില്യൺ (ഏകദേശം ₹7,500 കോടി) വകയിരുത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ കാനഡയിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചെങ്കിലും, ഇത് ദക്ഷിണ അതിർത്തിയിൽ (മെക്സിക്കോ-അമേരിക്ക അതിർത്തി) സംഭവിക്കുന്ന വലിയ കുടിയേറ്റ പ്രവാഹവുമായി താരതമ്യപ്പെടുത്താനാകില്ല. 2023-ൽ മാത്രം, മെക്സിക്കോ അതിർത്തി കടന്നവരുടെ എണ്ണം 10 ലക്ഷം (1 million) കവിഞ്ഞു, അതേസമയം, കാനഡയിലേക്ക് കടന്നവരുടെ എണ്ണം വെറും ഒരു ചെറിയ ശതമാനമാണ്.