ടെക്സാസ്: 19 വർഷത്തെ ഇടവേളയ്ക്കു ശേഷം ബോക്സിങ് റിങ്ങിലേക്കുള്ള മടങ്ങിവരവിൽ തോൽവി പിണഞ്ഞെങ്കിലും മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ മൈക്ക് ടൈസണ് പ്രതിഫലമായി ലഭിക്കുക കോടികൾ. ടെക്സാസിലെ ആർലിങ്ടണിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോക്സിങ് താരമായി മാറിയ യൂട്യൂബർ ജേക്ക് പോളിനോടായിരുന്നു ടൈസന്റെ തോൽവി.
ലോകം ഉറ്റുനോക്കിയ മത്സരത്തിനായി ഒഴുകിയത് കോടികളാണ്. 2020-നുശേഷം ആദ്യമായാണ് ടൈസൺ ബോക്സിങ് റിങ്ങിലെത്തിയത്. 58-കാരനായ ടൈസണ് മത്സരത്തിൽനിന്ന് ഏതാണ്ട് 168 കോടി രൂപ ലഭിക്കും. ജേക്ക് പോളിന് 320 കോടി രൂപ വരുമാനമുണ്ടാകുമെന്നാണ് കണക്ക്. സ്റ്റേഡിയത്തിലെ വി.ഐ.പി. സീറ്റുകൾക്ക് നാലുലക്ഷംമുതൽ 21 ലക്ഷംവരെയാണ് നിരക്ക്. ഒ.ടി.ടി. രംഗത്തെ വമ്പന്മാരായ നെറ്റ്ഫ്ലിക്സിന്റെ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരം തത്സമയം സംപ്രേഷണം ചെയ്തതും അവർ തന്നെ.
മുൻ ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസൺ 2005-ൽ പ്രൊഫഷണൽ ബോക്സിൽനിന്ന് വിരമിച്ചു. 2019-ൽ പ്രദർശനമത്സരത്തിൽ ഇറങ്ങി. കരിയറിൽ 50 മത്സരങ്ങളിൽ ജയവും ആറു തോൽവിയുമുണ്ട്.