ഫ്ലോറിഡ: അമേരിക്കയിൽ കനത്ത നാശം വിതച്ച “ഹെലൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ “മിൽട്ടൻ’ ചുഴലി കൂടി എത്തുന്നു. ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ കാറ്റഗറി4 ശക്തിയോടെ “മിൽട്ടൺ’ ബുധനാഴ്ച നിലംതൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്.
കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെന്റ് പീറ്റേർസ്ബർഗ്, ടാമ്പ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ ബുധനാഴ്ച അടയ്ക്കും. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി.
അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 225 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിലും പേമാരിയിലും 232 പേർ മരിച്ചിരുന്നു. നോർത്ത് കരോലിനയിൽ ആണ് ഏറ്റവും കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെട്ടത്.
117 പേരാണ് നോർത്ത് കരോലിനയിൽ മരിച്ചത്. സൗത്ത് കരോലിനയിൽ മരിച്ചത് 48 പേരാണ്. ജോർജിയയിൽ 33 പേരും ഫ്ലോറിഡയിൽ 20 പേരും ടെന്നസിയിൽ 12പേരും മരിച്ചു. വിർജീനയയിൽ രണ്ടു പേർ മരിച്ചു.
ഫ്ലോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് സെപ്റ്റംബർ 26നാണ് ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണു പെയ്തത്.
ഹെലൻ കാറ്റ് തീർത്ത ദുരിതത്തിൽനിന്ന് കരകയറി വരുമ്പോഴാണ് പുതിയ ഭീഷണിയായി മിൽട്ടൺ എത്തുന്നത്.