ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയില്‍. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുല്ലിവനുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തില്‍ കൈവരിച്ച നേട്ടത്തെക്കുറിച്ച് ഇരുനേതാക്കളും വിപുലമായ ചര്‍ച്ചകള്‍ നടത്തിയെന്നും പ്രാദേശിക-ആഗോള വികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ പങ്കുവച്ചെന്നും ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. ഡിസംബര്‍ 29 വരെ അദ്ദേഹം അമേരിക്കയിലുണ്ടാകും.
യുഎസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനൊപ്പം വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഇതിന് ശേഷം അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കും.