മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായാ നാഗ് മാർക്ക് 2 (Nag Mark 2) പരീക്ഷണം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ഡിആർഡിഒ ഡിജി (ഡയറക്ടര്‍ ജനറല്‍) ഡോ. ബി കെ ദാസ് പരീക്ഷണം വിജയിച്ചതോടെ പ്രതിരോധരംഗത്ത് വലിയ നേട്ടമാണ് നേടാനായത്. പുതുതലമുറ സാങ്കേതിക സംവിധാനങ്ങൾ പ്രതിരോധരംഗത്തിന് നൽകാനുള്ള ഗവേഷണം തുടരുകയാണ്. ഇതിനായി വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സഹകരണം ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും ഡോ. ബി കെ ദാസ് പറഞ്ഞു.
വെല്ലുവിളികൾ നിറഞ്ഞ പരീക്ഷമാണ് വിജയം കണ്ടത്. ചെറിയ ദൂരമാണെങ്കിലും കൃത്യത നേടുകയെന്നതാണ് പ്രധാനം. അത് കൈവരിക്കാനായി. പുതുതലമുറ സാങ്കേതിക സംവിധാനങ്ങൾ പ്രതിരോധരംഗത്തേക്ക് എത്തിച്ച് ഇന്ത്യയെ ലോകശക്തിയാക്കാനാണ് പരിശ്രമമെന്നും ഡോ. ബി കെ ദാസ് വ്യക്തമാക്കി.
ഇന്ത്യയുടെ നാഗ് മാർക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരമായിരുന്നു. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണിത്. ഇതിന്റെ മൂന്ന് ഫീൽഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂർത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതർ വ്യക്തമാക്കിയിരുന്നു. പരീക്ഷണ വിജയത്തോടെ നാഗ് മാർക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം ഉടൻ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷ.