ബസില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ 18 കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലേഷ്യയിലെ പെനാംഗിലെ ബട്ടര്വര്ത്തിലാണ് ദാരുണ സംഭവം. പെനാംഗിലെ സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ നിന്ന് ക്വാലാലംപൂരിലേക്കുള്ള എക്സ്പ്രസ് ബസിലാണ് അപകടമുണ്ടായത്.
പിന്നാലെ മലേഷ്യ എക്സ്പ്രസ് ബസുകളില്‍ സോക്കറ്റ് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നാണ് മലേഷ്യന്‍ ഗതാഗത മന്ത്രി ആന്തണി ലോക് വിശദമാക്കിയിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
അപകടത്തെ കുറിച്ച് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അന്‍വര്‍ അബ്ദുള്‍ റഹ് മാന്‍ മാധ്യമങ്ങളോട് വിശദമാക്കിയത് ഇങ്ങനെ: കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ബസ് പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു ബസിലുണ്ടായിരുന്ന സോക്കറ്റ് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റ് വീണത്.
ഫോണ്‍ ചാര്ജിനുവെച്ചശേഷം കയ്യില്‍ ഫോണ്‍ വച്ച് നില്‍ക്കുകയായിരുന്ന 18കാരന് നിലവിളിച്ചതോടെയാണ് സംഭവം ബസിലെ സഹയാത്രികര്‍ ശ്രദ്ധിക്കുന്നത്. വായില്‍ നിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു 18കാരനുണ്ടായിരുന്നത്. ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം അവശ്യ സേനയെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ അവശ്യ സേനാംഗങ്ങളാണ് 18കാരന്റെ മരണം സ്ഥിരീകരിച്ചത്.
ഇടത് കയ്യിലും വിരലുകളിലും ഗുരുതരമായ പൊള്ളല്‍ 18കാരന് സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിച്ച കേബിള്‍ ഉരുകിയ നിലയിലാണ് ഉള്ളത്. മരണ കാരണം സ്ഥിരീകരിക്കാന്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. 18കാരന്റെ ബന്ധുക്കളേയും പൊലീസ് ഇതിനോടകം അപകടം വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടൂറിസം വ്യവസായം വളർന്നതോടെ ടൂർ ബസുകൾ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ, യാത്രയുടെ സുഖകരമായ അനുഭവങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സുരക്ഷാ വെല്ലുവിളികളും നിരവധിയാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ടൂർ ബസുകളിലെ സുരക്ഷ അധികൃതര്‍ ഉറപ്പാക്കേണ്ടതാണ്.