ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ദിവസം മഹാകുംഭമേളയിലേക്ക് സ്നാനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മോദിയുടെ ഷോ തമാശയാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തിയപ്പോൾ, തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം മോദി കാണിക്കാറുള്ള നാടകമാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി നടത്തിയ ‘തമാശ’ ചാനലുകൾ ലൈവായി കാണിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തടയാതിരുന്നത് സഞ്ജയ് റാവത്ത് ചോദ്യം ചെയ്തു. ഭരണഘടനാ സ്ഥാപനങ്ങൾ പോലും മോദിയുടെ പെരുമാറ്റച്ചട്ടലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പുദിവസം ക്ഷേത്രങ്ങളിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പോയി ടെലിവിഷൻ ചാനലുകളിൽ ലൈവാകാനുള്ള നാടകം പ്രധാനമന്ത്രിക്ക് പതിവാണെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോൾ വിമർശിച്ചു. ആത്മീയത കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും വിമർശിച്ചു. മഹാകുംഭമേള കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് മോദിയും യോഗിയും ചെയ്യുന്നതെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലോക്സഭയിൽ വിമർശിച്ചിരുന്നു.