മകനും നടനുമായ പ്രണവ് മോഹൻലാലിൻ്റെ ജീവിതത്തെ താൻ എങ്ങനെ കാണുന്നുവെന്ന് തുറന്നു പറഞ്ഞ് മോഹൻലാൽ. ബറോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സുഹാസിനിക്കൊപ്പം മനസ്സ് തുറക്കുകയായിരുന്നു ലാൽ.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സ്കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നു. പ്രണവും അതുപോലെതന്നെ. ചെറുപ്രായത്തിലേ മികച്ച നടനുള്ള പുരസ്കാരം കിട്ടി. അവന് അവന്റേതായ ജീവിതമുണ്ട്. സിനിമകൾ ചെയ്യണം, യാത്രകൾക്ക് പോകണം. ഞങ്ങൾക്ക് അതിൽ യാതൊരു പ്രശ്നവുമില്ല. അവൻ ജീവിതം ആസ്വദിക്കട്ടേ. എന്റെ അച്ഛൻ എന്നോടുപറഞ്ഞതുപോലെ ഡിഗ്രി പൂർത്തിയാക്കിയശേഷം എന്തുവേണമെങ്കിലും ചെയ്തോളൂ എന്ന് അവനോട് ഞാനും പറഞ്ഞിട്ടുണ്ട്. നമ്മളെന്തിന് അവരെ നിയന്ത്രിക്കണം. എല്ലാവർക്കും ഓരോ ഫിലോസഫിയുണ്ടല്ലോ.
സിനിമയെല്ലാം വിട്ടിട്ട് ലോകമെമ്പാടും സഞ്ചരിക്കണമെന്ന് വിചാരിച്ചിട്ടുണ്ട്. എന്റെ ആ സ്വപ്നമാണ് പ്രണവ് നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. മണിരത്നം മമ്മൂട്ടിയോട് ഒരു കഥ പറയുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി. ഒരു ചെറിയ കുട്ടിയെ വടിയെടുത്ത് ശാസിക്കുന്ന മമ്മൂട്ടിയെയാണ് മണി അവിടെ കണ്ടത്. പ്രണവായിരുന്നു ആ കുട്ടിയെന്ന് സുഹാസിനി പറഞ്ഞു. പ്രണവും ദുൽഖറും ഒരു പ്രായംവരെ ഒരുമിച്ചാണ് വളർന്നതെന്ന് ഇതിന് നൽകിയ മറുപടിയിൽ മോഹൻലാൽ പറഞ്ഞു. പൃഥ്വിരാജിനേയും വളരെ ചെറുപ്പംമുതൽ അറിയാം. പൃഥ്വിയുടെ അച്ഛൻ സുകുമാരനുമൊത്ത് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. മല്ലിക എന്റെ സഹോദരിയെപ്പോലെയാണ്. എന്റെ ചെറുപ്പത്തിൽ അവർക്കൊപ്പം ഞാൻ കളിച്ചിട്ടൊക്കെയുണ്ട്. മോഹൻലാൽ മനസ്സുതുറന്നു