പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ മാലവില്‍ക്കാനായി എത്തി വൈറലായി മാറിയ പെണ്‍കുട്ടി മൊണാലിസ എന്ന മോണി ബ്ലോസെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. ആരേയും ആകർഷിക്കുന്ന കണ്ണുകളിലൂടെയാണ് മൊണാലിസ ശ്രദ്ധ നേടുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ മുതല്‍ അന്തർദേശീയ മാധ്യമങ്ങളില്‍ വരെ മോണി ബ്ലോസെ അഭിമുഖങ്ങള്‍ വന്നു. വൈറാലായി മാറിയതോടെ പെണ്‍കുട്ടിയെ മൊണാലിസ എന്ന വിശേഷിപ്പിക്കാനും തുടങ്ങിയതിനോടൊപ്പം വീഡിയോ എടുക്കാനും സെല്‍ഫി എടുക്കാനും ആളുകള്‍ തിക്കുംതിരക്കും കൂട്ടാനും തുടങ്ങി. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നാണ് 16-കാരിയെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ഇതിനിടെ എതിർപ്പ് അറിയിച്ചിട്ടും ആള്‍ക്കൂട്ടം പെണ്‍കുട്ടിയെ പിന്തുടർന്ന് ഫോട്ടോയെടുക്കുന്ന സ്ഥിതിയുമുണ്ടായി. ഇതോടൊയാണ് മൊണാലിസയെ കുടുംബം മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപം സ്ഥിതി ചെയ്യുന്ന സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ച് അയച്ചത്.സെല്‍ഫിക്കും വീഡിയോയ്ക്കുമായി ആളുകള്‍ വലിയ തോതില്‍ പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്താന്‍ തുടങ്ങിയത് കുടുംബത്തിന്റെ കച്ചവടത്തേയും ബാധിച്ചിരുന്നു.

മൊബൈലുമായി തന്നെ വളഞ്ഞ ആളുകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മൊണാലിസയുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീഡിയോയും ഫോട്ടോയും എടുക്കാനായി എത്തിയവരില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുഖവും തലയും ഷാള്‍ കൊണ്ട് മറക്കുന്നതും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും പിന്തുടരുന്നവരില്‍ നിന്നും ഒടുവില്‍ കുടുംബമാണ് പെണ്‍കുട്ടിയെ സുരക്ഷിതമാക്കുന്നത്. ഇതിന് പിന്നാലെയാണ് മൊണാലിസയെ കുടുംബം നാട്ടിലേക്ക് തിരിച്ച് അയച്ചെന്ന വാർത്ത പുറത്ത് വരുന്നത്.

മകള്‍ ഇനിയും കുംഭമേളയില്‍ തുടരുന്നത് നല്ലതല്ലെന്നും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതാണ് അവളുടെ ക്ഷേമത്തിനും കുടുംബത്തിന്റെ ഉപജീവനത്തിനുമുള്ള ഏറ്റവും നല്ല തീരുമാനമെന്നാണ് പിതാവ് പറയുന്നത്. അതിനിടെ മൊണാലിസ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പെണ്‍കുട്ടി വീഡിയോ പുറത്തുവിട്ടത്. വൈറലായതിന് പിന്നാലെ മൊണാലിസയുടെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.