കൊച്ചി: പോക്‌സോ (POCSO) കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കുറ്റവിമുക്തനാക്കി കോടതി. ഓഫീസിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ മോന്‍സന്റെ മേക്കപ്പ്മാനായ ജോഷി പീഡിപ്പിച്ചെന്ന കേസിലാണ് പെരുമ്പാവൂര്‍ അതിവേഗ കോടതി പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെ വെറുതെ വിട്ടത്.
ഈ കേസില്‍ ജോഷി ഒന്നാം പ്രതിയും മോന്‍സന്‍ രണ്ടാം പ്രതിയുമായിരുന്നു. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നെന്നും വിവരം മറച്ചുവച്ചു എന്നുമായിരുന്നു മോന്‍സനെതിരെയുള്ള കേസ്. 2019ലായിരുന്നു കേസിനാസ്പദമായ പീഡനം നടന്നത്. കെയര്‍ടേക്കര്‍ ആകേണ്ടിയിരുന്ന മോന്‍സന്‍ കുട്ടിയെ പീഡിപ്പിക്കുന്നത് തടഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ജോഷിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി മോന്‍സനെ വെറുതെ വിടുകയായിരുന്നു.
മോന്‍സനെതിരെയുള്ള രണ്ടാമത്തെ പോക്‌സോ കേസായിരുന്നു ഇത്. ഇതേ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ എറണാകുളത്തെ പോക്‌സോ കോടതി മോന്‍സനെ നേരത്തേ ശിക്ഷിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിച്ച കേസിലാണ് 2023ല്‍ എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതയും മാതാവും പരാതി നല്‍കുകയായിരുന്നു. പോക്‌സോ കേസ് വിധിക്കെതിരെ മോന്‍സന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതിന് പുറമെ സാമ്പത്തിക തട്ടിപ്പുകളടക്കം 16ഓളം കേസുകള്‍ ഉള്ള മോന്‍സന്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.