ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ ആയി എയർ ന്യൂസിലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. എയർലൈൻ റേറ്റ്ങ്സ് എന്ന വെബ്സൈറ്റാണ് (AirlineRatings.com) ഈ വർഷത്തെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാമതുള്ളത് ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് ആണ്.  ഇരു കമ്പനികളും തമ്മിൽ 1.50 പോയിന്‍റ്  വ്യത്യാസം മാത്രമേയുള്ളൂ.

അപകടങ്ങൾ, ഗുരുതരമായ സംഭവങ്ങൾ, അവ കൈകാര്യം ചെയ്ത രീതി, പൈലറ്റിന്‍റെ പരിശീലനം തുടങ്ങിയ മാനദണ്ഡ പ്രകാരമാണ് വിമാന കമ്പനികളെ വിലയിരുത്തുന്നത്. ആഗോളതലത്തിൽ 385 വിമാന കമ്പനികളെ വിലയിരുത്തിയാണ് 25 എയർലൈനുകളുടെ പട്ടിക തയ്യാറാക്കിയത്. 

എയർ ന്യൂസിലാൻഡ്,  ക്വാണ്ടാസ് എന്നിവയ്ക്ക് പിന്നാലെ മൂന്നാം സ്ഥാനത്തുള്ളത് കാത്തേ പസഫിക് ആണ്. ഖത്തർ എയർവേസ്, എമിറേറ്റ്സ്, വിർജിൻ ഓസ്‌ട്രേലിയ, ഇത്തിഹാദ് എയർവേസ്, എഎൻഎ, അലാസ്ക എയർലൈൻസ്, ഇവിഎ എയർ തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുള്ളത്. ഹവായിയൻ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഐബീരിയയും വിയറ്റ്നാം എയർലൈൻസും ഈ വർഷം പട്ടികയിൽ ഉൾപ്പെട്ടപ്പോൾ സിംഗപ്പൂർ എയർലൈൻസ് ഒഴിവാക്കപ്പെട്ടു.

ആകാശ മധ്യത്തിൽ ഡോർ തുറക്കപ്പെട്ട് ആഗോള തലത്തിൽ ചർച്ചയായ അലാസ്ക എയർലൈൻസ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് ഇടം പിടിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. വിമാനക്കമ്പനിയുടെ പിഴവല്ല മറിച്ച് ബോയിംഗ് വിമാനത്തിന്‍റെ നിർമ്മാണത്തിലെ അപാകതകളാണ് സംഭവത്തിന് കാരണമെന്ന് എയർലൈൻ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ചെലവ് കുറഞ്ഞ കാരിയർ റാങ്കിംഗിൽ, ഏറ്റവും സുരക്ഷിതമായ എയർലൈനായി ഹോങ്കോംഗ് എക്സ്പ്രസ് തെരഞ്ഞെടുക്കപ്പെട്ടു, ജെറ്റ്സ്റ്റാർ, റയാൻഎയർ, ഈസി ജെറ്റ്, ഫ്രോണ്ടിയർ എയർലൈൻസ്. എയർഏഷ്യ, വിസ് എയർ. വിയറ്റ്ജെറ്റ് എയർ, സൗത്ത്  വെസ്റ്റ്യ എയർലൈൻസ്, വോളാരിസ് തുടങ്ങിയവയും ഈ വിഭാഗത്തിൽ പട്ടികയിലുണ്ട്.