ചെന്നൈ: സ്കൂളിലെ പരിപാടിക്കിടെ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച ‘മോട്ടിവേഷണൽ സ്പീക്കറെ’ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിലാണ് സംഭവം. മഹാവിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. അന്ധവിശ്വാസ പ്രചരണത്തിനും അധ്യാപകനെ അപമാനിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ അശോക് നഗറിലുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരിപാടിക്കിടെ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസെടുക്കാനായാണ് മഹാവിഷ്ണു സ്കൂളിലെത്തിയത്. വിദ്യാർഥികളോട് സംസാരിക്കവെ ഇയാൾ അധിക്ഷേപകരമായതും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പരാമർശം നടത്തിയത്. അന്ധത, സാമൂഹിക അസമത്വം തുടങ്ങിയ ‘അസമത്വങ്ങൾ’ക്ക് കാരണം മുൻ ജന്മങ്ങളിൽ ചെയ്ത പാപങ്ങളാണ് എന്നായിരുന്നു മഹാവിഷ്ണു പറഞ്ഞത്. 

മഹാവിഷ്ണുവിന്റെ പരാമർശത്തെ സ്കൂളിലെ കാഴ്ചാപരിമിതിയുള്ള അധ്യാപകനായ ശങ്കർ ഉടനടി ചോദ്യം ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ശങ്കർ മഹാവിഷ്ണുവിനോട് ചോദിച്ചു. ശങ്കറിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. അദ്ദേഹമുയർത്തിയ എതിർപ്പിനെ തള്ളിക്കളഞ്ഞ മഹാവിഷ്ണു, തന്നെ ചോദ്യം ചെയ്യാൻ ശങ്കറിന് എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു.

ഇതിന്റെ വീഡിയോ ദൃശ്യം ഉടനടി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതോടെ വലിയ ജനരോഷമാണ് ഉയർന്നത്. യു.എസ്സിലുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിഷയത്തിൽ ഇടപെട്ടു. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ അദ്ദേഹം പ്രസ്താവന ഇറക്കി. സർക്കാർ സ്കൂളുകളിലെ പരിപാടികൾ ശാസ്ത്രീയ ചിന്തകളും പുരോഗമനപരമായ ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞത്. പുരോഗതിയിലേക്കുള്ള ഏകമാർഗം ശാസ്ത്രമാണെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുപറഞ്ഞു.

ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു സ്കൂളിലെ കുട്ടികളോടുള്ള മഹാവിഷ്ണുവിന്റെ ‘മോട്ടിവേഷണൽ സ്പീക്ക്’. 

‘നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് മരിക്കാം എന്നാണോ നിങ്ങൾ കരുതുന്നത്? നിങ്ങളുടെ അടുത്ത ജന്മം വളരെ ക്രൂരമായിരിക്കും. എത്രയോ ആളുകളാണ് കൈയില്ലാതെയും കാലില്ലാതെയും കണ്ണില്ലാതെയും ജനിക്കുന്നത്. നിരവധി പേർ വീടില്ലാതേയും രോഗങ്ങളോടെയും ജനിക്കുന്നു. ദൈവം കാരുണ്യവാനായിരുന്നുവെങ്കിൽ എല്ലാവരേയും ഒരുപോലെ സൃഷ്ടിക്കണമായിരുന്നു. എന്തുകൊണ്ടാണ് ദൈവം അങ്ങനെ ചെയ്യാതിരുന്നത്? കഴിഞ്ഞ ജന്മത്തിലെ കർമ്മങ്ങളാണ് നിങ്ങളുടെ ഈ ജന്മത്തിന്റെ അടിസ്ഥാനം.’ -മഹാവിഷ്ണു പറഞ്ഞു. 

മഹാവിഷ്ണുവിന്റെ അവകാശവാദങ്ങളെ കാഴ്ചാപരിമിതിയുള്ള അധ്യാപകനായ ശങ്കർ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിനെതിരെയും ഇതേ കാര്യങ്ങളാണ് മഹാവിഷ്ണു പറഞ്ഞത്. മുഴുവൻ ഭിന്നശേഷിക്കാരുടെ സമൂഹത്തേയുമാണ് മഹാവിഷ്ണു അധിക്ഷേപിച്ചതെന്ന് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ മതേതര സ്ഥാപനമാണ്. നിയമങ്ങൾക്ക് വിരുദ്ധമായി അന്ധവിശ്വാസ പ്രചാരണമാണ് മഹാവിഷ്ണു സ്കൂളിൽ നടത്തിയതെന്നും ശങ്കർ കൂട്ടിച്ചേർത്തു. മഹാവിഷ്ണുവിനെതിരെ ശങ്കർ പ്രതിഷേധിച്ചപ്പോൾ അനങ്ങാതിരുന്ന സ്കൂളിലെ മറ്റ് അധ്യാപകർക്കെതിരെയും സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.