വൈദികൻ വാഹന അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ രൂപതയ്ക്ക് അവകാശമുണ്ടോ? ഈ കാര്യത്തിൽ നിർണ്ണായക വിധിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
2013 ഏപ്രിൽ 16ന് ഇടുക്കി കട്ടപ്പനയ്ക്കു സമീപം ബൈക്കിൽ ലോറിയിടിച്ചു ഫാ. ടോം കളത്തിൽ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നതു സംബന്ധിച്ച തർക്കത്തിലാണു ജസ്റ്റിസ് സി. പ്രതീപ്കുമാറിന്റെ വിധി. വാഹന അപകടത്തിൽ വൈദികൻ മരിച്ചാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ രൂപതയ്ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
സുപ്രീം കോടതിയുടെ ഉൾപ്പെടെ മുൻകാല വിധികൾ വിലയിരുത്തിയ കോടതി, സന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യാൻ അടുത്ത ബന്ധുക്കൾക്കാണ് അധികാരമെന്നു ‘മൂവാറ്റുപുഴ കാത്തലിക് ഡയോസിസ് കേസി’ൽ ഹൈക്കോടതി വിധിയുള്ളതു ചൂണ്ടിക്കാട്ടി.
കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റിനെ പ്രതിനിധീകരിച്ച് പ്രൊവിൻഷ്യൽ തൊടുപുഴ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിൽ (എംഎസിടി) നൽകിയ ഹർജിയിൽ 13,19,000 രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതിനെതിരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നൽകിയ അപ്പീൽ അനുവദിച്ചു കൊണ്ടാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.