കർണാടകയില്‍ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം നിലവില്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഉഡുപ്പി ജില്ലയിലെ കാർക്കള സ്വദേശിയായ 40കാരനാണ് രോഗിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയില്‍ ഈ വർഷം ആദ്യമായി സ്ഥിരീകരികുന്ന എംപോക്സ് കേസാണിത്.
കഴിഞ്ഞ 19 വർഷമായി ദുബായിൽ താമസിക്കുന്ന രോഗി ജനുവരി 17 നാണ് മംഗളൂരുവിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് പനി ഉള്‍പ്പെടേയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വ്യക്തിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയില്‍ നിന്നും ശേഖരിച്ച എംപോക്സ് സാമ്പിളുകൾ ബാംഗ്ലൂർ മെഡിക്കൽ കോളേജിലേക്കും (ബി എം സി) പിന്നീട് പൂനെയിലെ എൻ ഐ വിയിലേക്കും അയച്ച് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്.
‘രോഗിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. ഉടൻ തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്, “ജില്ലാ നിരീക്ഷണ ഓഫീസർ ഡോ.നവീൻചന്ദ്ര കുലാലിനെ ഉദ്ധരിച്ച ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെത്തി രോഗിയെ സ്വീകരിച്ച 36 വയസ്സുള്ള ഭാര്യ പ്രാഥമിക കോൺടാക്റ്റായി കണ്ടെത്തുകയും ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.