മലപ്പുറത്ത്(Malappuram) വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യുവാവിന് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണം(suspected Mpox symptoms). 38കാരനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇന്നലെയാണ് ദുബായിൽ നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒപിയിൽ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്.
രോഗലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയതിനാലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.