ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ എം.ടി ഇനിയില്ല. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെയാണ് വിയോഗം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു.
91 ആം വയസിൽ വിടവാങ്ങിയ ഭാഷയുടെ കുലപതിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിൽ ഇന്ന് പകൽ മുഴുവൻ അന്ത്യോപചാരം അർപ്പിക്കാം. ഉറ്റ ബന്ധുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാൻ സിതാരയിലേക്ക് എത്തുന്നത്. എംടിയുടെ ആഗ്രഹപ്രകാരം വീട്ടിൽ മാത്രമായിരിക്കും അന്തിമ ദർശന സൗകര്യം. ഇന്ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാവൂർ പൊതുശ്മശാനത്തിൽ ആണ് സംസ്കാരം.