കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് എം.ടി തുടരുന്നത്.

നേരത്തെ അതീവഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എംടി മരുന്നുകളോട് പ്രതികരിക്കുന്നതായും കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞതായും വിലയിരുത്തി. എങ്കിലും ഹൃദയത്തിന്‍റെ ആരോഗ്യ നില ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവരാണ് ആശുപത്രിയിൽ എത്തിയത്. എം.എൻ.കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാരും കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയിരുന്നു.