വാഷിംഗ്ടൺ: അമേരിക്കയുടെ 47ാം പ്രസിഡന്റായി ‌ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയുമെത്തി. ഇന്നലെ ട്രംപിനൊപ്പം അത്താഴ വിരുന്നിൽ ഇരുവരും പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.പ്രമുഖ ഇന്ത്യൻ വ്യവസായികളായ എം3എം ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ പങ്കജ് ബൻസാൽ, ട്രിബേക്ക ഡെവലപ്പേഴ്‌സ് സ്ഥാപകൻ കൽപേഷ് മേത്ത എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. അംബാനിമാർ ട്രംപിനൊപ്പം കാൻഡിൽ ലൈറ്റ് ഡിന്നറിലാണ് പങ്കെടുത്തതെന്നാണ് വിവരം.

നാളെ നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനുശേഷം റിപ്പബ്ലിക്കൻ മെഗാ-ഡോണർ മിറിയം അഡെൽസണും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗും ഒരുക്കുന്ന ബ്ലാക്ക്-ടൈ സ്വീകരണത്തിലും നിതയും മുകേഷ് അംബാനിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തി കൂടിയാണ് ട്രംപ്.

വാഷിംഗ്‌ടൺ ‌ഡിസിയിൽ ഇന്ത്യൻ സമയം രാത്രി 10.30നാണ് (ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 12)​ ചടങ്ങുകൾ തുടങ്ങുന്നത്. 50-ാം വൈസ് പ്രസിഡന്റായി ജെ.ഡി.വാൻസും അധികാരമേൽക്കും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അടക്കം ലോകനേതാക്കൾ സംബന്ധിക്കും. അതിശൈത്യം കാരണം പരേഡ് ഒഴികെയുള്ള ചില ചടങ്ങുകൾ അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന്റെ ഉള്ളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.