മലയാളികൾക്കിടയിൽ ഹെയ്‌റ്റേഴ്സ് ഇല്ലാത്ത വ്യക്തിത്വങ്ങളിൽ ഒരാളാണ് സന്തോഷ് ജോർജ് കുളങ്ങര. യൂട്യൂബും വ്‌ളോഗർമാരും അരങ്ങിലെത്തുന്നതിന് മുമ്പേ യാത്രയെ പ്രണയിച്ച് മലയാളികൾക്ക് അവിസ്മരണീയമായ കാഴ്ചകൾ സമ്മാനിച്ച വ്യക്തി. സന്തോഷ് ജോർജ് കുളങ്ങര പങ്കുവയ്ക്കുന്ന യാത്രാ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. മാത്രമല്ല, ചില കാര്യങ്ങളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിൽ ഒരു കുട്ടി ചോദിക്കാൻ അയച്ചുതന്ന ആശങ്കയുടെ ചോദ്യത്തിനുള്ള മറുപടിയാണ് സന്തോഷ് ജോർജ് കുളങ്ങര നൽകുന്നത്. മലയാളികൾക്കിടയിൽ എപ്പോഴും ആശങ്ക നിലനിർത്തുന്ന മുല്ലപ്പെരിയാർ ഡാം എപ്പോൾ പൊട്ടുമെന്നാണ് ചോദ്യം. എന്നാൽ ഉടനെ ഒന്നും പൊട്ടാൻ സാദ്ധ്യതയില്ലെന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. അതിന് കൃത്യമായ കാരണവും അദ്ദേഹം പറയുന്നുണ്ട്.

സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളിലേക്ക്
‘മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ നമ്മൾ ഒന്നും ചെയ്യേണ്ടതില്ല, അവിടെ അങ്ങ് ഇരുന്നുകൊടുത്താൽ മതി. ബാക്കി എല്ലാം അവൻ ചെയ്‌തോളും (ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു). മുല്ലപ്പെരിയാർ ഡാം ഉടനെ പൊട്ടുമെന്ന വിശ്വാസം എനിക്കില്ല. കാരണം അതൊരു ഗ്രാവിറ്റി ഡാം ആണ്. ഗ്രാവിറ്റി ഡാം എങ്ങനെയാണ് ഫംഗ്ഷൻ ചെയ്യുന്നത്. ഗ്രാവിറ്റി ഡാം കല്ലുകൾ അടക്കിപ്പണിതിരിക്കുന്ന ഡാം ആണ്. അതിന്റെ ഒരു സയൻസും ടെക്‌നോളജിയും ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഡാം ഉടനെ പൊട്ടാൻ സാദ്ധ്യതയില്ല. എന്നാൽ അത് എക്കാലത്തെയും ശാശ്വതമായ സംവിധാനമാണെന്നല്ല അതിന്റെ അർത്ഥം. ഇതിന്റെ ഏറ്റവും പ്രധാനവശം പൊട്ടുകയോ ഇല്ലയോ എന്നല്ല. അതിന്റെ താഴെ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കുക എന്നതാണ് പ്രധാനം. ഞാൻ പൊട്ടുമെന്ന് പറഞ്ഞാലും വേറെ ഒരാൾ പൊട്ടില്ലെന്ന് പറഞ്ഞാലും, അതിന്റെ താഴെ താമസിക്കുന്ന മനുഷ്യർക്ക് പൊട്ടുമെന്നാണ് പേടിയെങ്കിലോ? തീർന്നില്ലേ. അതുകൊണ്ട് അവരുടെ ആശങ്ക പരിഹരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്’-അദ്ദേഹം പറഞ്ഞു.