തൃശൂര്‍: ചിൽഡ്രൻസ് ഹോമിലെ കൊലപാതകത്തിൽ 15കാരന്റെ പ്രതികരണം കേട്ട് അമ്പരന്ന് കെയര്‍ ടേക്കര്‍മാരും പൊലീസും. കാര്യമായ ഭാവഭേദങ്ങളില്ലാതെയാണ് പതിനേഴുകാരനെ ആയുധം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം പതിനഞ്ചുകാരന്‍ വിവരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട പതിനേഴുകാരനുമായി പതിനഞ്ചുകാരന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന കയ്യേറ്റത്തില്‍ പതിനഞ്ചുകാരന്റെ മുഖത്ത് പരിക്കേറ്റിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ ടേക്കര്‍മാര്‍ ഇടപെട്ട് രണ്ടുപേരേയും പിടിച്ച് മാറ്റിയിരുന്നു. സംഭവം അവിടെ അവസാനിച്ചു എന്ന് എല്ലാവരും ധരിച്ചിരുന്നത്.
എന്നാല്‍ രാവിലെ 15 കാരന്‍ ഉണര്‍ന്ന് പല്ലു തേക്കുമ്പോള്‍ മുഖത്ത് അടികൊണ്ട ഭാഗത്ത് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഖത്ത് തലേ ദിവസം കുട്ടി മര്‍ദിച്ചതിന്റെ പാട് കണ്ടുപ്പോള്‍ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള പ്രകോപനമായത്. കയ്യിൽ കിട്ടിയ ചുറ്റികയുമായി ഒരു അടി മാത്രമാണ് 15കാരൻ 17കാരനെ അടിച്ചത്. അപ്പോഴേക്കും കെയര്‍ടേക്കര്‍മാര്‍ ഓടിയെത്തി പിടിച്ചുമാറ്റിയെങ്കിലും പതിനേഴുകാരന്‍ അതീവ
ഗുരുതരാവസ്ഥയിലായിരുന്നു.
കൊലപ്പെട്ട പതിനേഴുകാരന്‍ ഇരിങ്ങാലക്കുടയിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നാണ് തൃശൂര്‍ രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് വന്നത്. ഈ കുട്ടിയുടെ അമ്മയും ചേട്ടനും ഷെല്‍ട്ടര്‍ ഹോമിലാണുള്ളത്. ഷെൽട്ടർ ഹോം ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ അമ്മയും ചേട്ടനും വിവരമറിഞ്ഞെങ്കിലും മൃതദേഹം കാണാന്‍ വൈകിട്ടാണ് സാധിച്ചത്. ഈ മാസം 31ന് ഈ കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമെന്നതിനാല്‍ കണ്ണൂരിലേക്ക് മാറ്റാനുള്ള ലീഗല്‍ നടപടി ക്രമങ്ങളുമെല്ലാം പൂര്‍ത്തിയായി വരികയായിരുന്നു. ഇതിന്റെ ഭാഗമായി മുന്‍കൂട്ടി തന്നെ കണ്ണൂരിലെ ഐ.ടി. സ്‌കൂളില്‍ 17കാരനെ ചേര്‍ത്തുവെങ്കിലും അവിടത്തെ പഠനം വേണ്ട എന്നുപറഞ്ഞ് കൌമാരക്കാരൻ തൃശൂരിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വീണ്ടും കണ്ണൂരിലേക്ക് തന്നെ മാറ്റുവാനുള്ള നടപടികള്‍ എടുത്തുവരെവെയാണ് അക്രമം.
അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചുപോയ ശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ച് പോയതോടെ അനാഥനായ കുട്ടിയാണ് അക്രമം നടത്തിയ പതിനഞ്ചുകാരന്‍. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ ഈ കുട്ടി കടുത്ത വിഷാദത്തിലായിരുന്നതായാണ് വിവരം. രാമവര്‍മപുരത്തുള്ള സ്‌കൂളിലും ഈ കുട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അനാഥരായ കുട്ടികളെ പാര്‍പ്പിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഹോമിലെത്തിയ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. സ്ഥാപനത്തില്‍ സ്ഥിരം ജീവനക്കാരുടെ കുറവ് വലുതാണ്. താല്‍ക്കാലിക ജീവനക്കാരെ വച്ചാണ് ഹോം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികാവസ്ഥ പരിചയപ്പെട്ട് വരുമ്പോഴേക്കും താല്‍ക്കാലിക ജീവനക്കാരുടെ സേവനം കഴിഞ്ഞിരിക്കും.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എത്തുന്നവരാണ് താല്‍ക്കാലിക ജീവനക്കാര്‍. 24 മണിക്കൂറും ഹോമില്‍ കെയര്‍ടേക്കര്‍മാരുണ്ടെന്നും എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ പരിശോധിക്കുമെന്നും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.