ന്യൂയോർക്: ഇന്ന് സമൂഹത്തിൽ പണത്തിന്റെ മോഹം എത്രത്തോളം മനുഷ്യനെ അധ:പതിപ്പിക്കും എന്നതിന് തെളിവാണ് നോർത്ത് ഡക്കോട്ടയിൽ നടന്ന ഈ സംഭവം. കാമുകന് കോടികണക്കിന് രൂപയുടെ പാരമ്പര്യസ്വത്ത് ലഭിക്കും എന്ന തെറ്റായ മെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് നോർത്ത് ഡക്കോട്ടയിലെ ഇന തിയ കെനോയർ തന്റെ കാമുകനെ വിഷം കൊടുത്ത് കൊന്നെന്നതാണ് സംഭവം.

പോലീസ് പറയുന്നത്: 

48-കാരിയായ ഇന തിയ കെനോയർ എന്ന സ്ത്രീയാണ് തന്റെ കാമുകനായ 51-കാരൻ സ്റ്റീവൻ എഡ്വേർഡ് റിലേ ജൂനിയറെ കൊലപ്പെടുത്തിയത്. സ്റ്റീവന് ഒരു അജ്ഞാതനിൽ നിന്ന് ലഭിച്ച ഇമെയിലാണ് ഈ കൊലപാതകത്തിന് കാരണം. ഇമെയിൽ പ്രകാരം, സ്റ്റീവന് 30 മില്യൺ ഡോളർ പാരമ്പര്യമായി ലഭിക്കും എന്നായിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഈ ഇമെയിൽ വ്യാജമാണെന്ന് തെളിഞ്ഞു. പണം കൊതിച്ചാണ് ഇന ഈ കൊലപാതകം ചെയ്തതെന്ന് പോലീസ് നിഗമനത്തിലെത്തി. 2024 ഒക്ടോബർ 16-ന് ഇന തന്റെ കുറ്റം സമ്മതിച്ചു. 2023 സെപ്റ്റംബർ 3-ന്, ഇന തന്റെ കാമുകന് ചായയിൽ വിഷം കലർത്തി നൽക്കുകയായിരുന്നു. അടുത്ത ദിവസം ഇയാളുടെ ആരോഗ്യനില വഷളായി, തുടർന്ന് മരണപ്പെട്ടു. തുടക്കത്തിൽ, ഇന തന്റെ കാമുകന്റെ മരണത്തിന് കാരണം അമിതമായ മദ്യപാനമാണെന്ന് വാദിച്ചു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഈ വാദം തള്ളിക്കളഞ്ഞു. ഇയാളുടെ മരണത്തിന് കാരണം വിഷബാധയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. തുടർന്നുള്ള അന്വേഷണത്തിൽ, ഇനയുടെ പങ്കാളിത്തം തെളിഞ്ഞതോടെ അവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ഇന തന്റെ കുറ്റകൃത്യം സമ്മതിച്ചു.

ഇന തിയ കെനോയറിന് 25 വർഷം തടവ് ശിക്ഷയും 10 വർഷം നല്ല നടപ്പുമാണ് കോടതി വിധിച്ചിരിക്കുന്നത്. 10 വർഷത്തെ ഈ കാലയളവിൽ ഉദ്യോഗസ്ഥർ പ്രതിയെ നിരീക്ഷിക്കുകയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ,  കാമുകന്റെ കുടുംബത്തിന് 3455 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു. ഈ വിധി കുറഞ്ഞുപോയെന്നാണ് സ്റ്റീവന്റെ കുടുംബം പ്രതികരിച്ചത്.