പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ തിരുകിവെച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. പിങ്കി പ്രജാപതി എന്ന 30 കാരിയായ യുവതിയാണ് മരിച്ചത്.
ദേവാസ് പോലീസ് സൂപ്രണ്ട് പുനീത് ഗെഹ്ലോട്ട് പറയുന്നത്: വിവാഹിതനായ പട്ടിദാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ പട്ടിദാര്‍ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
മൃതദേഹത്തിന് എട്ട് മാസത്തെ പഴക്കമുണ്ട്. പിങ്കി പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയിക്കുന്നത്. പ്രതിയായ സഞ്ജയ് പട്ടീദാര്‍ വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് വെള്ളിയാഴ്ചയാണ് സാരി ധരിച്ച സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ആഭരണങ്ങളുണ്ടായിരുന്നു. കൈകള്‍ കഴുത്തിലെ കുരുക്കില്‍ ബന്ധിച്ച നിലയിലായിരുന്നു.
ഇന്‍ഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് 2023 ജൂണിലാണ് പട്ടിദാര്‍ വാടകയ്‌ക്കെടുത്തത്. ഒരു വര്‍ഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിനാല്‍ ഇയാള്‍ ഇടയ്ക്കിടെ ഇവിടെയെത്തുകയും ചെയ്തിരുന്നു.
പിന്നീട് വീട്ടിലെ പുതിയ താമസക്കാര്‍ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടു. വീട്ടുടമസ്ഥന്‍ വീടിന്റെ ഈ ഭാഗം വാടകക്കാരന് കാണിച്ചുകൊടുത്തു, പക്ഷേ പട്ടിദാറിന്റെ സാധനങ്ങള്‍ ഉള്ളിലായതിനാല്‍ അത് വീണ്ടും പൂട്ടുകയും മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഇതോടെ വൈകാതെ മുറിയില്‍നിന്ന് ദുര്‍ഗന്ധം ഉയരുകയും പുതിയ താമസക്കാര്‍ ഉടമയെ അറിയിക്കുകയുമായിരുന്നു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് തങ്ങളെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.