ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ ഇക്കുറി അധികാരത്തിലെത്തിച്ചില്ലെങ്കിൽ, ഇത് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ടെക് കോടീശ്വരൻ ഇലോൺ മസ്‌ക്. യുഎസിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള ഏക മാർഗം ട്രംപിനെ തെരഞ്ഞെടുക്കുകയാണെന്നാണ് മസ്ക് പറയുന്നത്.

“ട്രംപ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ, ഇത് അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് വളരെ കുറച്ച് അമേരിക്കക്കാർ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല, അത് സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗമാണ് ട്രംപ്!” എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു ഉപയോക്താവിന് മറുപടി നൽകിക്കൊണ്ടാണ് മസ്ക് ഇങ്ങനെ പറഞ്ഞത്.

ജോ ബൈഡൻ്റെ നേതൃത്വത്തിലുള്ള സർക്കാർ “സ്വിംഗ് സ്റ്റേറ്റുകളിൽ” തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ രാജ്യത്തെ പൗരന്മാരാക്കുന്നുവെന്നും സ്‌പേസ് എക്‌സ് സിഇഒ കുറ്റപ്പെടുത്തി.

“പ്രതിവർഷം 20 നിയമവിരുദ്ധരിൽ ഒരാൾ പോലും പൗരന്മാരായി മാറുകയാണെങ്കിൽ , അത് 4 വർഷത്തിനുള്ളിൽ ഏകദേശം 2 ദശലക്ഷം പുതിയ നിയമ വോട്ടർമാരാകും. സ്വിംഗ് സംസ്ഥാനങ്ങളിലെ വോട്ടിംഗ് മാർജിൻ പലപ്പോഴും 20,000 വോട്ടുകൾക്ക് താഴെയാണ്. അതിനർത്ഥം “ഡെമോക്രാറ്റിക്” പാർട്ടി വിജയിച്ചാൽ, കൂടുതൽ സ്വിംഗ് സ്റ്റേറ്റുകൾ ഉണ്ടാകില്ല!!” എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈഡൻ ഭരണകൂടം അഭയം തേടുന്നവരെ സ്വിംഗ് സ്റ്റേറ്റുകളിലേക്ക് പറഞ്ഞുവിടുകയാണെന്ന് മസ്‌ക് പറഞ്ഞു. അത് ഒടുവിൽ ജനാധിപത്യത്തെ തകർക്കുകയും അമേരിക്കയെ ഏകകക്ഷി രാഷ്ട്രമാക്കുകയും ചെയ്യുമെന്നും മസ്ക് കൂട്ടിച്ചേർത്തു.