ശതകോടീശ്വരൻ ഇലോൺ മസ്ക‌ിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയൽക്കാരനാകാൻ മസ്‌ക് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ വെസ്റ്റ‌് പാം ബീച്ചിൽ 100 ദശലക്ഷം ഡോളറിനു (848 കോടി രൂപ) മുകളിൽ വിലമതിക്കുന്ന ആഡംബര ബംഗ്ലാവാണ് മസ്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേള മുതൽ അദ്ദേഹത്തിന്റെ ഉടമസ്‌ഥതയിൽ പാം ബീച്ചിലുള്ള മാർ എ ലാഗോ എസ്റ്റേറ്റിൽ മസ്ക് അടിക്കടി സന്ദർശനം നടത്തിയിരുന്നത് സ്‌ഥല ഇടപാടുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ശക്‌തി പകരുന്നു.

2021ൽ തന്റെ ഉടമസ്‌ഥതയിലുള്ള എല്ലാ വീടുകളും വിറ്റഴിച്ചതായി മസ്ക‌് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ബോകാ ചികയിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു പ്രീഫാബ്രിക്കേറ്റഡ് വീട്ടിലാണ് മസ്ക് താമസിക്കുന്നത്. പാം ബീച്ചിലെ പുതിയ ബംഗ്ലാവ് വാങ്ങിയശേഷം മസ്‌ക് ഇവിടേക്ക് താമസം മാറുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റിപ്പോർട്ടുകൾ പ്രകാരം പാം ബീച്ചിലെ ബ്രിസ്റ്റോൾ പെന്റ്ഹൗസ് എന്ന ആഡംബര വസതിയാണ് മസ്ക്‌കിന്റെ ഏറ്റവും പുതിയ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം. 25 നിലകളിൽ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് ഈ പെന്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 19000 ചതുരശ്ര അടിയാണ് ഈ ആഡംബര വസതിയുടെ വിസ്‌തീർണ്ണം. അറ്റ്ലാന്റിക് സമുദ്രത്തിന്റെയും പാം ബീച്ചിന്റെയും കാഴ്ചകൾ ഇവിടെയിരുന്ന് ആസ്വദിക്കാം.

അടുത്തയിടെ അവധി ദിനങ്ങൾ ചെലവഴിക്കാനായി ട്രംപിൻ്റെ മാർ എ ലാഗോ എസ്റ്റേറ്റിൽ മസ്‌ക് തന്റെ മക്കൾക്കൊപ്പം എത്തിയിരുന്നു. തന്റെ 11 മക്കൾക്കും രണ്ടു ഭാര്യമാർക്കും താമസിക്കുന്നതിനായി ടെക്‌സസിലെ ഓസ്റ്റിനിൽ 35 മില്യൻ ഡോളർ (296 കോടി രൂപ) ചെലവഴിച്ച് ഒരു എസ്റ്റേറ്റ് മസ്ക് വാങ്ങിയിട്ടുണ്ട്. എല്ലാ മക്കൾക്കുമൊപ്പം ഒരുമിച്ച് സമയം പങ്കിടാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രോപ്പർട്ടി സ്വന്തമാക്കിയത്.