വാഷിങ്ടൺ: ഇലോൺ മസ്ക് പരിഹസിച്ച ചൈനീസ് കമ്പനി വരുമാന കണക്കിൽ ടെസ്‍ലയെ പിന്തള്ളി. 2024 വർഷത്തിൽ 777.1 ബില്യൺ യുവാൻ( 107.2 ബില്യൺ ഡോള)റാണ് ബി.വൈ.ഡിയുടെ വരുമാനം. എന്നാൽ ടെസ്‍ലയുടെ വരുമാനം 97.7 ബില്യൺ ഡോളറായി ഇടിഞ്ഞിരുന്നു. 29 ശതമാനം വളർച്ചയാണ് ബി.വൈ.ഡിയുടെ വരുമാനത്തിൽ ഉണ്ടായത്. ബി.വൈ.ഡിക്ക് 766 ബില്യൺ യുവാൻ വരുമാനമുണ്ടാവുമെന്നാണ് ബ്ലുംബർഗിന്റെ പ്രവചനം.

ചൈനീസ് ഇലക്ട്രിക് വാഹനവിപണിയിൽ സ്ഥാനമുറപ്പിച്ച ബി.വൈ.ഡി യുറോപ്യൻ വിപണിയിലും ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. കോംപാക്ട് ഇലക്ട്രിക് കാർ വിപണിയിലിറിക്കി യുറോപ്പ് പിടിക്കാനാണ് ബി.വൈ.ഡിയുടെ നീക്കം. കമ്പനിയുടെ ലാഭത്തിലും 2024ൽ വർധനയുണ്ടായിട്ടുണ്ട്. 40.3 ബില്യൺ യുവാനായാണ് ലാഭം വർധിച്ചത്. 34 ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിലുണ്ടായത്.

2024ൽ 4.3 മില്യൺ വാഹനങ്ങളാണ് ബി.വൈ.ഡി വിറ്റത്. ഫെബ്രുവരിയിൽ കമ്പനിയുടെ പ്രതിമാസ വിൽപനയിൽ 161 ശതമാനം വർധനവുണ്ടായിരുന്നു. ഫെബ്രുവരി മാസത്തിൽ വിൽപന കണക്കിൽ ബി.വൈ.ഡി ടെസ്‍ലയെ മറികടക്കുകയും ചെയ്തു. സൂപ്പർ ഇ ബാറ്ററി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.വൈ.ഡിയുടെ ഓഹരി വില റെക്കോഡിലെത്തിയിരുന്നു. 

2011ൽ ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ബി.വൈ.ഡിയെ മസ്ക് പരിഹസിച്ചത്. ബി.വൈ.ഡിയുടെ കാറുകൾക്ക് ഒരു ആകർഷണീയതയും ഇല്ലെന്നും അവരുടെ സാ​ങ്കേതികവിദ്യ മോശമാണെന്നുമായിരുന്നു മസ്കിന്റെ പരാമർശം. ചൈനയിൽ വെച്ച് കമ്പനി ഇല്ലാതാവുകതാണ് നല്ലതെന്നും മസ്ക് കൂട്ടിച്ചേർത്തിരുന്നു.