പുതിയ ഇടങ്ങൾ കണ്ടറിയാനും അവിടുത്തെ ജീവിതങ്ങൾ മനസിലാക്കാനും ആഗ്രഹിക്കുന്നവർക്ക് യാത്രകൾ എന്നും വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. നിരവധി വേറിട്ട കാഴ്ച്ചകൾ സമ്മാനിക്കുന്ന ഇടങ്ങളുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. എങ്കിലും അധികമാരും പോവാത്ത, എന്നാൽ മറ്റേതൊരു സ്ഥലത്തേക്കാളും മനോഹാരിതയുള്ള ചില സ്ഥലങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒരിടമാണ് അട്ടപ്പാടി.
735 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദിവാസി മേഖലകളിൽ ഒന്നാണ് അട്ടപ്പാടി. പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ ഭാഗമാണ് ഈ മലനിരകളും, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയുടെ അതിർത്തിൽ ഈ ഗ്രാമം നിലകൊള്ളുന്നു. മണ്ണാർക്കാട് താലൂക്കിൽ നിന്ന് വിഭജിച്ച മേഖലയാണ് നിലവിൽ അട്ടപ്പാടി.
ദേശീയപാതയിലൂടെ യാത്ര ചെയ്യുമ്പോൾ മണ്ണാര്‍ക്കാട് നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ദൂരമാണ് ഇവിടെക്കുള്ളത്. ചുരം കയറി വേണം അട്ടപ്പാടിയിലേക്ക് എത്താൻ. തണുപ്പറിയാന്‍ മൂന്നാറും കൊടൈക്കനാലും മാത്രമല്ല അട്ടപ്പാടിയും പറ്റിയ ഇടം തന്നെയാണ്. അത്രയും മികച്ച കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത.
അട്ടപ്പാടിയുടെ ഏറ്റവും താഴ്ന്ന പ്രദേശം പോലും 750 മീറ്റർ ഉയരത്തിലാണ്, ഏറ്റവും ഉയർന്ന കൊടുമുടി 1664 മീറ്റർ ഉയരത്തിലുള്ള മല്ലേശ്വരൻ കൊടുമുടിയാണ്. സഞ്ചാരികൾ ധാരാളമായി അട്ടപ്പാടിയിലേക്ക് എത്താൻ കാരണമായത് മലയാളത്തിലെ സൂപ്പർഹിറ്റ് ആയ ഒരു ചലച്ചിത്രമാണ്. അട്ടപ്പാടിയുടെ സകല ഭംഗിയും പ്രേക്ഷകരിലേക്ക് എത്തിച്ച സച്ചി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയുമാണ് ഈ ചിത്രം.
അഗളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസി ഊരാണ് കൂളികടവ് എന്ന നരസിമുക്ക്. ദൂരെ മലനിരകളും പച്ചപ്പും ഒക്കെയായി മനോഹരമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു ഇടമാണ് നരസിമുക്ക്. അഗളിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രമാണിത്. ഭീമാകാരമായ കാറ്റാടി യന്ത്രങ്ങൾ തലയുയർത്തി നിൽക്കുന്ന കാഴ്‌ച അൽപ്പം കൗതകവും അതിലേറെ അമ്പരപ്പിക്കുന്നതുമാണ്.