ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സംയുക്ത സേന. കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. റിസർവ് ഗാർഡുകൾ, സിആർപിഎഫ്, കോബ്ര, ഒഡീഷയുടെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി)എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു ഓപ്പറേഷൻ.
അതേസമയം നിരോധിത മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം ചൽപതി എന്ന ജയ് റാമാണ് കൊല്ലപ്പെട്ടവരിൽ പ്രധാനി എന്നാണ് ലഭിക്കുന്ന വിവരം . ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഡിലെയും അയൽ സംസ്ഥാനമായ ഒഡീഷയിലെയും മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ 24 മണിക്കൂറിലേറെയായി വെടിവെയ്പ്പ് തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നക്സലിസത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അമിത് ഷാ അഭിനന്ദിച്ചു.