അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വാഷിങ്ടണിൽ നടന്ന ആഘോഷ പരിപാടിയിൽ വിവാദമായി ഇലോൺ മസ്കിന്റെ നാസി സല്യൂട്ട്. ക്യാപ്പിറ്റോൾ വൺ അരീനയിൽ നടന്ന പരിപാടിയിലാണ് തുടർച്ചയായി മസ്‌ക് നാസി സല്യൂട്ട് ചെയ്തത്.

ട്രംപ് അനുകൂലികളുടെ നേരെയായിരുന്നു മസ്‌കിൻ്റെ ഈ പ്രവൃത്തി. ട്രംപിന്റെ വിജയം മനുഷ്യരാശിയുടെ യാത്രയിൽ നിർണായകമാണെന്നും ചെറിയൊരു വിജയമായി ഇതിനെ കണക്കാൻ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു സംഭവിപ്പിച്ചതിന് നന്ദിയെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

പിന്നാലെ കൈവിരലുകൾ വിടർത്തി വലതുകൈ തന്റെ നെഞ്ചോട് ചേർത്ത് വീണ്ടും വിരലുകൾ ചേർത്തുവച്ച് സദസ്സിനെ നോക്കി മസ്‌ക് നാസി സല്യൂട്ട് ചെയ്‌തു. പുറകുവശത്ത് നിൽക്കുന്നവരുടെ നേരെയും ഇതേ രീതിയിൽ അദ്ദേഹം സല്യൂട്ട് ചെയ്തു.

പിന്നീട് തൻ്റെ പ്രസംഗവും നാസി സല്യൂട്ട് ചെയ്യുന്നതിൻ്റെ ദൃശ്യവും മസ്‌ക് ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്തു. നാസി സല്യൂട്ടിന് പിന്നാലെ വലിയ വിമർശനം മസ്കിന് നേരെ ഉയർന്നു. അതേസമയം നാസി സല്യൂട്ടിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി.

ജർമനിയിൽ ഫെബ്രുവരി 23ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനിയെ പിന്തുണച്ച് ഇലോൺ മസ്ക് നേരത്തെ രംഗത്ത് വന്നിരുന്നു. കുടിയേറ്റ മുസ്ലിം വിരുദ്ധ നിലപാട് ഉയർത്തുന്ന ഈ പാർട്ടിയെ ജർമനിയുടെ രക്ഷകരെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.