ട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ബോളിവുഡ് ഗായികയാണ് നേഹ കക്കർ. സ്റ്റേജ് ഷോകളിലും സജീവമാണ് അവർ. ഇക്കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ നടന്ന നേഹയുടെ ഒരു സ്റ്റേജ് ഷോയിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പരിപാടിയിൽ വൈകിയെത്തിയ ഗായിക കാണികളോട് മാപ്പുപറഞ്ഞതാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇപ്പോഴിതാ ​നേഹ കക്കർ വൈകിയതിന് പിന്നിലുള്ള കാരണം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ​ഗായിക ട്വിങ്കിൾ അ​ഗർവാൾ. സ്പോൺസർമാർ പണവുമായി മുങ്ങിയിട്ടും നടി പരിപാടിയിൽ പങ്കെടുക്കാൻ സന്നദ്ധമായെന്ന് അവർ പറഞ്ഞു.

‘സ്പോൺസർമാർ പണവുമായി കടന്നുകളഞ്ഞു. അതിനാൽ ഷോ റദ്ദാക്കലിന്റെ വക്കിലെത്തി. എന്നിട്ടും അവർ എല്ലാവർക്കുമായി പരിപാടിക്കെത്തി. അതും മറ്റു ഡാൻസർമാരൊന്നും ഇല്ലാതെ തന്നെ.’ – ട്വിങ്കിൾ അഗർവാൾ പറഞ്ഞു.

സ്പോൺസർമാർ മുങ്ങിയതാണ് പരിപാടി വൈകിയതിന്റെ കാരണമെന്ന് ആരാധകരിൽ ചിലരും പറയുന്നു. ഗായികയുടെ ടീം പരിപാടി റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും നേഹ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. മൂന്നുമണിക്കൂർ വൈകിയാണ് നേഹ കക്കർ പരിപാടിക്കെത്തിയത്. വൈകിയതിന് കാണികളോട് മാപ്പുപറയുകയും വേദിയിൽനിന്ന് കരയുകയും ചെയ്തിരുന്നു.

കാണികളിൽ ചിലർ വൈകിയെത്തിയ ​ഗായികയെ പരിഹസിച്ചിരുന്നു. ‘മടങ്ങിപ്പൊയ്ക്കോളൂ.. പോയി ഹോട്ടലിൽ വിശ്രമിച്ചോളൂ’ എന്നും, ‘ഇത് ഇന്ത്യയല്ല ഓസ്ട്രേലിയയാണെന്നും’ കാണികളിൽ ചിലർ പറഞ്ഞു. ‘അഭിനയം വളരെ നന്നായിട്ടുണ്ട്. ഇത് ഇന്ത്യൻ ഐഡോൾ അല്ല..’ എന്നിങ്ങനെയും കാണികളിൽ ചിലർ പരിഹസിച്ചു പറഞ്ഞു. അതേസമയം, നേഹയുടെ മാപ്പപേക്ഷ കാണികളിൽ ഒരുവിഭാഗം കയ്യടിയോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. കാത്തിരുന്നതിന് നന്ദിയുണ്ടെന്നും നല്ല പ്രകടനം നിങ്ങൾക്കായി നൽകാമെന്നും പറയുന്നതിനിടെ നേഹ പലവട്ടം വിതുമ്പുന്നതും ദൃശ്യങ്ങളിൽ കാണാം.