ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയില്‍ വിജയികളെ നിര്‍ണയിച്ചത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തില്‍ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നെഹ്‌റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ നൂറ് പേര്‍ക്കെതിരെയാണ് കേസ്.

ഫലത്തില്‍ അസംതൃപ്തരായവര്‍ മത്സര ശേഷം നെഹ്‌റു പവലിയനിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു. നാല് വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്രു ട്രോഫിയില്‍ മുത്തമിട്ടത്.

മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്.