കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനത്തിന് അനുമതി. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) ആണ് അനുമതി നൽകിയത്.

കാഴ്ചശക്തിക്കുള്ള ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിൽ നിന്നുള്ള ബ്ലൈന്റ് സൈറ്റ് ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കുമെന്ന് ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. വിഷ്വൽ കോർട്ടക്സ് കേട് പറ്റിയിട്ടില്ലെങ്കിൽ, ജന്മനാ അന്ധതയുള്ളവർക്ക് പോലും ആദ്യമായി കാഴ്ച ലഭിക്കാൻ ഇതുവഴി സാധിക്കുമെന്നും മസ്ക് പറയുന്നു. 

തുടക്കത്തിൽ കുറഞ്ഞ റസലൂഷനിലുള്ള കാഴ്ചയായിരിക്കുമെങ്കിലും ക്രമേണ ഇൻഫ്രാറെഡും അൾട്രാവയലറ്റും റഡാർ വേവ് ലെങ്തും വരെ കാണാൻ സാധിക്കും വിധം സ്വാഭാവിക കാഴ്ച ശക്തിയേക്കാൾ ശേഷി കൈവരിക്കാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നും മസ്ക് പറയുന്നു.

സ്റ്റാർ ട്രെക്ക് ടിവി സീരീസിലെ ജിയോർഡി ലാ ഫോർജ് എന്ന കഥാപാത്രത്തിന്റെ ചിത്രവും മസ്ക് പങ്കുവെച്ചു. ജന്മനാ കാഴ്ചയില്ലാത്ത ഈ കഥാപാത്രത്തിന് വിവിധ സാങ്കേതിക വിദ്യാ ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ച ലഭിക്കുന്നുണ്ട്. 

ഉപകരണം നിർമിക്കുന്നതിനുള്ള അനുമതി നൽകിയതിനൊപ്പം എഫ്ഡിഎയിൽ നിന്നുള്ള ബ്രേക്ക് ത്രൂ ഡിവൈസ് പദവിയും ന്യൂറാലിങ്കിന്റെ ബ്ലൈന്റ് സൈറ്റ് ഡിവൈസിന് ലഭിച്ചു. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്ക്കോ രോഗനിർണയത്തിനോ സഹായിക്കുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്കാണ് എഫ്ഡിഎ ബ്രേക്ക്ത്രൂ ഡിവൈസ് പദവി നൽകുക.

ചിന്തകളിലൂടെ കംപ്യൂട്ടർ ഉപകരണങ്ങൾ നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്ന ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പ് ഇതിനകം മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എട്ട് പേരിൽ കൂടി ഈ ഉപകരണം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ സ്ഥാപനം. ശരീരം തളർന്നു കിടക്കുന്ന രോഗികളിലാണ് ഉപകരണം പരീക്ഷിക്കുന്നത്.