ഹേമ കമ്മറ്റി റിപ്പോർട്ടിന്(Hema Committee report) പിന്നാലെയുണ്ടായ വിവാദങ്ങൾക്കും ചേരിപ്പോരിനും പിന്നാലെ മലയാള സിനിമ മേഖലയിൽ പുതിയ സംഘടന(new association) രൂപീകരിക്കാൻ ശ്രമം. ആഷിക് അബു(Aashiq Abu), അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. രൂപീകരണം സംബന്ധിച്ച് അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.

സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്ന് കത്തിലുണ്ട്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമാ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്.