ഭാരതത്തിലെ സിംല-ചന്ദിഗാർഹ് രൂപതയുടെ പുതിയ മെത്രാനായി വൈദികൻ സഹായ തദ്ദേവൂസ് തോമസ്, ദുംക രൂപതയുടെ സഹായമെത്രാനായി സൊനാതൻ കിസ്കു എന്നീ വൈദികരെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയതു. ശനിയാഴ്ചയാണ് ഫ്രാൻസീസ് പാപ്പാ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

സിംല-ചന്ദിഗാർഹ് രൂപതയുടെ മെത്രാൻ ഇഗ്നേഷ്യസ് ലൊയോള ഇവാൻ മസ്കരെഞാസ്, കാനൻ നിയമം അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പ്രസ്തുത രൂപതയുടെ പുതിയ മെത്രാനായി സഹായ തദ്ദേവൂസ് തോമസിനെ നിയമിച്ചത്. ജലന്തറിലെ പരിശുദ്ധ ത്രിത്വത്തിൻറെ നാമത്തിലുള്ള വലിയ സെമിനാരിയുടെ “റെക്ടർ” ആയി സേവനമനുഷ്ഠിക്കുകയായിരുന്നു നിയുക്ത മെത്രാൻ.

തമിഴ്നാട്ടിലെ കോട്ടാർ രൂപതയിൽപ്പെട്ട ചിന്നവിളയ് സ്വദേശിയാണ് 1971 നവമ്പർ 6-ന് ജനിച്ച നിയുക്ത മെത്രാൻ സഹായ തദ്ദേവൂസ് തോമസ്. ലക്നൊ, ജലന്തർ എന്നിവിടങ്ങളിൽ, യഥാക്രമം, തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ അദ്ദഹം 2001 മെയ് 13-ന് പൗരോഹിത്യം സ്വീകരിച്ചു. അദ്ദേഹം ഓസ്ത്രിയായിലെ വിയെൻ സർവ്വകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും സാമൂഹ്യവിനിമയത്തിലും ബിരുദാനന്തരബിരുദവും, ഡൽഹിയിലെ “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിൽ” നിന്ന് മനുഷ്യാവകാശത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

നാട്ടിലും ഓസ്ത്രിയായിലും ഇടവക സഹവികാരി, ചെറിയ സെമിനാരി ഉപമേധാവി (റെക്ടർ), രൂപതാ മാദ്ധ്യമസമിതിയുടെ മേധാവി, ജലന്തറിലെ വലിയ സെമിനാരിയുടെ റെക്ടർ എന്നീ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട് നിയുക്തമെത്രാൻ സഹായ തദ്ദേവൂസ് തോമസ്.

ദുംക രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന സൊനാതൻ കിസ്കു ദുംക രൂപതയുടെ വികാരിജനറലായും സെൻറ് മേരീസ് ഇടവകവികാരിയായും  സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജാർഖണ്ഡിലെ പ്രസ്തുത രൂപതാതിർത്തിക്കുള്ളിൽ വരുന്ന കൗദിയയിൽ 1969 മെയ് 15-ന് ജനിച്ച നിയുക്ത സഹായമെത്രാൻ കിസ്കു കൽക്കട്ടയിലും പൂനയിലുമായി വൈദികപഠനങ്ങൾ പൂർത്തിയാക്കുകയും 2002 ഏപ്രിൽ 15-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ “ലൈസെൻഷിയേറ്റ്” നേടിയിട്ടുണ്ട്.

ഇടവക സഹവികാരി, രൂപതാ ദൈവവിളി കേന്ദ്രത്തിൻറെ മേധാവി, രൂപതയുടെ സാമ്പത്തികകാര്യവിചാരിപ്പുകാരൻ, രൂപതാ ചാൻസലർ, ജാർഖണ്ഡിലെയും ആൻഡമാൻ ദ്വീപുകളിലെയും അടിസ്ഥാനസഭാസമൂഹങ്ങളുടെ ചുമതലക്കാരൻ തുടങ്ങി വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട് നിയുക്ത സഹായമെത്രാൻ സൊനാതൻ കിസ്കു.