ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI), രാജ്യത്തെ എല്ലാ ലൈസൻസുള്ള ഭക്ഷ്യ ഉത്പാദകരും ഇറക്കുമതിക്കാരും ത്രൈമാസ അടിസ്ഥാനത്തിൽ നിരസിക്കപ്പെട്ടതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങൾ സമർപ്പിക്കണമെന്ന് ഉത്തരവിട്ടു. 

ഇത്തരം ഭക്ഷ്യവസ്തുക്കൾ മനുഷ്യ ഉപഭോഗത്തിനായി വീണ്ടും വിൽക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. കന്നുകാലികളുടെ തീറ്റ എന്ന വ്യാജേന ചിലപ്പോഴൊക്കെ ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ഫുഡ് സേഫ്റ്റി ആൻഡ് കംപ്ലയൻസ് സിസ്റ്റം (FOSCOS) എന്ന അതോറിറ്റിയുടെ ഓൺലൈൻ കംപ്ലയൻസ് സംവിധാനം വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. 

ആഭ്യന്തര ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഉത്പന്നങ്ങളുടെ അളവ്, വിതരണ ശൃംഖലയിൽ നിന്ന് തിരിച്ചെത്തിയതോ കാലഹരണപ്പെട്ടതോ ആയ ഉത്പന്നങ്ങളുടെ അളവ്, ഉത്പന്നങ്ങളുടെ നിർമ്മാർജനത്തെക്കുറിച്ചുള്ള വിശദമായ രേഖകൾ എന്നിവ ഡാറ്റ റിപ്പോർട്ടിംഗിൽ ഉൾപ്പെടുത്തണം.

ഉത്പന്നങ്ങളുടെ നിർമ്മാർജ്ജനത്തെക്കുറിച്ചുള്ള വിവരങ്ങളിൽ, അത് എങ്ങനെയാണ് ചെയ്യുന്നതെന്നും (നശിപ്പിക്കൽ, ലേലം, മറ്റ് ഉപയോഗങ്ങൾ), കാലഹരണപ്പെട്ടതോ നിരസിക്കപ്പെട്ടതോ ആയ ഭക്ഷ്യവസ്തുക്കളുടെ വാങ്ങുന്നവരെക്കുറിച്ചും മാലിന്യ നിർമ്മാർജ്ജന ഏജൻസികളെക്കുറിച്ചുമുള്ള പ്രത്യേക വിവരങ്ങളും ഉണ്ടായിരിക്കണം. 

ഫോസ്‌കോസിന്റെ റിപ്പോർട്ടിംഗ് സംവിധാനം ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ നിർദേശം വരുന്നത്. അതിനാൽ, നിർദേശം നിലവിലുണ്ടെങ്കിലും, റിപ്പോർട്ടിംഗ് സംവിധാനം പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ കൃത്യ സമയത്ത് സമർപ്പിക്കാൻ സാധിക്കുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങൾ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങണമെന്ന് അധികൃതർ അറിയിച്ചു.

ഈ പുതിയ നിയമം ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കച്ചവട രംഗത്തെ കൃത്രിമങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.