ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2025 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രമായി. പ്രസിഡന്റ് ജോസ് കെ ജോണിന്റെ നേതൃത്വത്തിലുള്ള പുതിയ ടീം, 2024 ഡിസംബര്‍ 28-ന് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്രിസ്മസ് പുതുവത്സര ആഘോഷ വേളയില്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കും.
രണ്ട് പതിറ്റാണ്ടിലേറെയായി സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബൃഹത്തായ സംഘടനയാണ് മാഗ്. ഇത്തവണ എതിരില്ലാത്തതിനാല്‍ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നില്ല. സാമൂഹിക പ്രതിബദ്ധയുള്ളവരും ഹൂസ്റ്റണിലെ മലയാളി സമൂഹത്തെ സേവിക്കുന്നതില്‍ അര്‍പ്പണബോധമുള്ളവരുമടങ്ങിയ പുതിയ ഭരണസമിതി നൂതനമായ പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും പുതുവര്‍ഷത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ടീമില്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകളും അസോസിയേഷനെ വൈവിധ്യവല്‍ക്കരിക്കാന്‍ കെല്‍പ്പുള്ള വ്യക്തികളും ഉള്‍പ്പെടുന്നു.
മാത്യൂസ് മുണ്ടക്കലും എസ്.കെ ചെറിയാനുമാണ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍. രാജേഷ് വര്‍ഗീസ്, സുജിത്ത് ചാക്കോ, മാത്യൂസ് ചാണ്ടപ്പിള്ള, മൈക്കിള്‍ ജോയ്, ക്രിസ്റ്റഫര്‍ ജോര്‍ജ്ജ്, ബിജോയ് തോമസ്, അലക്‌സ് മാത്യു, ജോസഫ് കൂനത്താന്‍, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, സുനില്‍ തങ്കപ്പന്‍, പ്രെബിറ്റ്‌മോന്‍ സിറിയക് എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രവര്‍ത്തിക്കും. രേഷ്മ വിനോദും റീനു വര്‍ഗീസുമാണ് വിമന്‍സ് ഫോറം ഭാരവാഹികള്‍. വിഘ്‌നേഷ് ശിവനാണ് യൂത്ത് കോര്‍ഡിനേറ്റര്‍.
‘കമിറ്റഡ് ടു എക്‌സലന്‍സ്’ എന്ന പ്രമേയവുമായി, ഹ്യൂസ്റ്റണിലെ വര്‍ദ്ധിച്ചുവരുന്ന മലയാളി സമൂഹത്തിനായി കമ്മ്യൂണിറ്റി ഇടപഴകല്‍, സാംസ്‌കാരിക സംരക്ഷണം, സാമൂഹിക പിന്തുണാ സംരംഭങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് ടീം ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകം നഷ്ടപ്പെടുത്താത്ത പരിപാടികളിലൂടെ ഐക്യബോധം വളര്‍ത്തിയെടുക്കുന്നതിലും അസോസിയേഷന്റെ പങ്ക് നിര്‍ണായകമാണ്.
നടക്കാനിരിക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം സാംസ്‌കാരിക പ്രകടനങ്ങള്‍, ഡിന്നര്‍, കരോള്‍ മത്സരം, പുതിയ നേതൃത്വ ടീമിന്റെ ഔദ്യോഗിക പ്രവേശനം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു മഹത്തായ ഇവന്റ് ആയിരിക്കും. മാഗിന്റെ നേട്ടങ്ങളെ ആദരിക്കുന്നതിനും വരും വര്‍ഷത്തേക്കുള്ള അതിന്റെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ഈ ഇവന്റ് മാറും.