ഒക്ടോബർ 20 ന് ഫ്രാൻസിസ് മാർപാപ്പ 14 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നു. സിറിയ, സ്പെയിൻ, ഓസ്ട്രിയ, ഇറ്റലി, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ഈ വാഴ്ത്തപ്പെട്ടവരിൽ 11 രക്തസാക്ഷികളും മൂന്നുപേർ വിവിധ സന്യാസ സമൂഹങ്ങളുടെ സ്ഥാപകരുമാണ്.

19-ാം നൂറ്റാണ്ടിൽ സിറിയയിൽ കൊല്ലപ്പെട്ട 11 രക്തസാക്ഷികളും ‘ഡമാസ്കസിലെ രക്തസാക്ഷികൾ’ എന്നാണ് അറിയപ്പെടുന്നത്. 1860-ലെ വേനൽക്കാലത്തിന്റെ തുടക്കത്തിൽ, ബെക്കാ താഴ്വരയിലെ ക്രിസ്ത്യാനികള്‍ വസിച്ചിരുന്ന സഹ്ലെ പട്ടണം ഡ്രൂസ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ഷിയ ഇസ്ലാമിലെ ഇസ്മായിലി വിശ്വാസത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്ന ഒരു വിഭാഗമാണ് ഡ്രൂസ്. കൂടാതെ, അവിടെയുള്ള ഫ്രാൻസിസ്കൻ ആശ്രമത്തെയും നശിപ്പിക്കാൻ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നു. മരണം ഉറപ്പാണെന്നു മനസ്സിലാക്കിയ ആശ്രമശ്രേഷ്ഠൻ ഫാ. ഇമ്മാനുവൽ റൂയിസ് ദൈവാലയത്തിലെ തിരുവോസ്തികൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ ദൈവാലയത്തിലേക്കു പോകുന്ന സമയം അക്രമികൾ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും അൾത്താരയിൽ വച്ചുതന്നെ അദ്ദേഹത്തെ ശിരച്ഛേദം ചെയ്യുകയും ചെയ്തു. തുടർന്ന് ആശ്രമത്തിലുണ്ടായിരുന്ന ഏഴു സന്യാസികളെയും അക്രമികൾ കൊല ചെയ്തു. ഡമാസ്കസിലെ ഈ 11 രക്തസാക്ഷികളെ 1926-ൽ പയസ് പതിനൊന്നാമൻ പാപ്പയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

മാരി-ലിയോണി പാരഡിസ് എന്ന ഒരു കനേഡിയൻ സന്യാസിനിയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന ഒരു സന്യാസിനി. 1840-ൽ ജനിച്ച മാരി-ലിയോണി ദൈവവിളികളാൽ സമ്പന്നമായ ഒരു കുടുംബത്തിലാണ് ജനിച്ചുവളർന്നത്. 17-ാം വയസ്സിൽ കർത്താവിന്റെ വിളി സ്വീകരിച്ച് ഒരു സന്യാസിനീ സമൂഹത്തിൽ ചേർന്നെങ്കിലും ദൈവത്തിൽനിന്നും ലഭിച്ച ഒരു ഉൾവിളിക്ക് കാതോർത്തുകൊണ്ട് ‘ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി’ എന്ന സന്യാസിനീ സമൂഹത്തിന് ആരംഭം കുറിച്ചു. സുകൃതസമ്പന്നമായ ജീവിതത്തിനൊടുവിൽ 1912-ലാണ് മാരി-ലിയോണി കാൻസർ ബാധിച്ചു മരണമടയുന്നത്. 1984-ൽ കാനഡ സന്ദർശനത്തിനിടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് മാരി-ലിയോണിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

കൺസോളത്ത മിഷനറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ഫാ. ജ്യൂസെപ്പെ അല്ലമാനോയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന അടുത്ത വ്യക്തി. തന്റെ രൂപത വിട്ടുപോകാതെ, ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കാൻ നൂറുകണക്കിനു യുവ പുരോഹിതന്മാരെയും സന്യാസിനിമാരെയും അദ്ദേഹം പരിശീലിപ്പിച്ചു. 1990-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

വി. സിത്തയുടെ സഹോദരിമാർ എന്നറിയപ്പെടുന്ന ‘കോൺഗ്രിഗേഷൻ ഓഫ് ദി ഒബ്ലേറ്റ്സ് ഓഫ് ഹോളി സ്പിരിറ്റിന്റെ’ സ്ഥാപകയായിരുന്ന ഇറ്റാലിക്കാരിയായ എലീന ഗ്യൂറ എന്ന സന്യാസിനിയും വിശുദ്ധരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടുന്നു. 1870-ൽ ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ ഒരു സെഷനിൽ പങ്കെടുത്തതിനുശേഷമാണ് സന്യാസവിളി തിരഞ്ഞെടുക്കുന്നത്. 1882-ൽ ലൂക്കയിൽ ഒബ്ലേറ്റ്സ് ഓഫ് ഹോളി സ്പിരിറ്റ് സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട ജോൺ 23-ാമൻ ഈ സന്യാസിനിയെ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്തോല’ എന്നാണ് വിളിച്ചിരുന്നത്.