ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി പോലീസ്. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതയാണ് യുവതിയെന്നു പോലീസ്. സംഭവത്തിൽ ആൺ സുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കുകയാണ് പോലീസ്.

തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കുഞ്ഞിന്റെ മൃതദേ​ഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് യുവതിയുടെ മൊഴി.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. 

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേ സമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിൻ്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറി. ഇയാൾ മറ്റൊരു സു​ഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ  മൃതദേഹം മറവ് ചെയ്ത് എന്നാണ് പൊലീസ്പറയുന്നത്. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.