മലപ്പുറം(Malappuram) തിരുവാലിയിൽ നിപ(Nipah) ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. കണ്ടെയ്മെൻ്റ് സോണികളാക്കിയ തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളിലും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്കൂളുകള്‍, കോളജുകള്‍, അങ്കണവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുതെന്നാണു നിര്‍ദേശം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം നിപ ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. പ്രദേശത്ത് ആരോഗ്യ വകുപ്പ് ഇന്ന് സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് സർവേ നടത്തുന്നത്.