വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.

കേസിൽ ഐ സി ബാലകൃഷ്ണനൊപ്പം ഡിസിസി പ്രസിഡൻ്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

കഴിഞ്ഞ ദിവസം എൻ.എം.വിജയൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നിരുന്നു. ഇതിൽ ഐ സി ബാലകൃഷ്ണൻ എം എൽ എയുടേയും വയനാട് ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ്റേയും ഉൾപ്പെടെയുള്ള പേരുകളുണ്ടായിരുന്നു. കത്തിൽ പേര് പരാമർശിച്ചവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും.