ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രമുഖ ഹിന്ദു സന്യാസിയായ  ചിന്‍മോയ് കൃഷ്ണ ദാസിന് ജാമ്യമില്ല. ബെഞ്ചിന് മുമ്പാകെ ചിന്‍മോയിയെ പ്രതിനിധീകരിക്കാന്‍ പവര്‍ ഓഫ് അറ്റോര്‍ണി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചതോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി എം ഡി സെയ്ഫുള്‍ ഇസ്ലാം ബുധനാഴ്ച സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളി.

ഇസ്ലാമിസ്റ്റുകള്‍ പരസ്യമായി മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഒരു അഭിഭാഷകനും ചാറ്റോഗ്രാം കോടതിയില്‍ ചിന്‍മോയ് ദാസിന് വേണ്ടി രണ്ടാഴ്ചയായി ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകനായ രബീന്ദ്ര ഘോഷ് അദ്ദേഹത്തിന് വേണ്ടി നിയമസഹായം തേടാന്‍ ശ്രമിക്കുകയായിരുന്നു. 

ബുധനാഴ്ച ഹര്‍ജി സമര്‍പ്പിക്കാന്‍ പോയപ്പോള്‍ കോടതിക്ക് പുറത്ത് ഇസ്ലാമിസ്റ്റുകളായ അഭിഭാഷകര്‍ തന്നെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തതായി 75 കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ഘോഷ് പറഞ്ഞു. ബുധനാഴ്ച വാദം നടക്കുന്നതിനിടെ നൂറുകണക്കിന് അഭിഭാഷകരും കോടതി മുറിയില്‍ തടിച്ചുകൂടിയത് അരാജകത്വം സൃഷ്ടിച്ചു.

ഡിസംബര്‍ 3 ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും ചിന്‍മോയി ദാസിന് അഭിഭാഷകനില്ലായിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രമണ്‍ റോയ് ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി നവംബര്‍ 25 നാണ് ധാക്ക പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തിരുന്നത്.