പനാമ കനാലുമായി ബന്ധപ്പെട്ട് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്കില്ലെന്ന് പനാമന്‍ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ വ്യക്തമാക്കി. പനാമ കനാലിന്റെ പ്രവര്‍ത്തനത്തില്‍ ചൈന ഇടപെടുന്നുണ്ടെന്ന വാദവും അദ്ദേഹം നിഷേധിച്ചു.

അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന ജലപാതയായ പനാമ കനാലിന്റെ നിയന്ത്രണം അമേരിക്കയിലേക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാത്ത നിലപാടാണ് ജോസ് റൗള്‍ മുലിനോ എടുത്തത്. മാത്രമല്ല, ട്രംപിന് മറുപടിയായി യുഎസ് കപ്പലുകളുടെ ടോള്‍ കുറയ്ക്കുന്നതിനുള്ള സാധ്യതയും മുലിനോ നിരസിച്ചു. ‘ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഒന്നുമില്ല,’ എന്നാണ് മുലിനോ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്. കനാല്‍ പനാമയുടേതാണ്, പനാമ നിവാസികളുടെതാണ്. രാജ്യത്തിന്റെ രക്തവും വിയര്‍പ്പും കണ്ണീരും നഷ്ടപ്പെടുത്തിയ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഒരു തരത്തിലുള്ള സംഭാഷണവും ആരംഭിക്കാന്‍ സാധ്യതയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക നിര്‍മ്മിച്ചതാണ് 1914-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പനാമ കനാല്‍. എന്നാല്‍ 1999 ഡിസംബര്‍ 31-ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും പനാമന്‍ ദേശീയ നേതാവായ ഒമര്‍ ടോറിജോസും ഒപ്പിട്ട ഉടമ്പടികള്‍ പ്രകാരം കനാല്‍ പനാമയ്ക്ക് കൈമാറുകയായിരുന്നു. ഇതുവഴി കടന്നുപോകാന്‍ യുഎസ് കപ്പലുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കുന്നുവെന്നും ഇങ്ങനെ പോയാല്‍ കനാലിന്റെ നിയന്ത്രണം തിരികെ അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല, കനാലിന്മേല്‍ ചൈനയ്ക്ക് സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും ഇത് കൈകാര്യം ചെയ്യേണ്ടത് പനാമ മാത്രമാണെന്നും ചൈനയോ മറ്റാരെങ്കിലുമോ അല്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കിയിരുന്നു. കനാലിന്റെ നിയന്ത്രണം തെറ്റായ കൈകളില്‍ വീഴാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.