ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവരാനുള്ള ഇന്ത്യാ മുന്നണിയുടെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി അദ്ദേഹം അങ്ങേയറ്റം പ്രൊഫഷണലും നിഷ്പക്ഷനുമാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം ചെയര്‍മാന്റെ അന്തസ്സിനോട് അനാദരവ് കാണിക്കുന്നുവെന്നും കിരണ്‍ റിജിജു വിമര്‍ശിച്ചു. ”രാജ്യസഭയിലായാലും ലോക്സഭയിലായാലും പ്രതിപക്ഷം ചെയര്‍മാന്റെ അന്തസ്സിനോട് അനാദരവ് കാണിക്കുന്നു. വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍ ജി ഒരു എളിയ പശ്ചാത്തലത്തില്‍ നിന്നാണ്. പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷകരുടെയും ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. അഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു,” റിജിജു പറഞ്ഞു.

അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ട 60 ഓളം എംപിമാരുടെ നടപടിയെ റിജിജു അപലപിച്ചു. ‘എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങള്‍ക്കെല്ലാം ചെയര്‍മാനില്‍ വിശ്വാസമുണ്ട്. അദ്ദേഹം സഭയെ നയിക്കുന്ന രീതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്…” പാര്‍ലമെന്ററി കാര്യ മന്ത്രി പറഞ്ഞു.