ടെക്സസിൽ അടിയന്തര ഘട്ടങ്ങളിൽ അബോർഷൻ നടത്താൻ ആശുപത്രികളെ അനുവദിക്കണം എന്നാവശ്യപ്പെടുന്ന ബൈഡൻ ഭരണകൂടത്തിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയതിനെ വൈറ്റ് ഹൗസ് വിമർശിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഗർഭഛിദ്രം ആവശ്യമുള്ള സ്ത്രീകൾക്ക് അതു നിഷേധിക്കുന്നത് തികച്ചും അസ്വീകാര്യമാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി ചൂണ്ടിക്കാട്ടി.
“ഇത് എത്ര അപകടം പിടിച്ച സമീപനമാണെന്നു ചൂണ്ടിക്കാട്ടാതെ വയ്യ. സ്ത്രീകളിൽ നിന്ന് അവരുടെ സ്വാതന്ത്ര്യം എടുത്തു കളയുകയാണെന്നു ചൂണ്ടിക്കാട്ടാതെ വയ്യ.”
കീഴ്കോടതി വിധിക്കെതിരെ ആയിരുന്നു ബൈഡൻ ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ പോയത്. ഏറ്റവും കർശന അബോർഷൻ നിയന്ത്രണമുള്ള സംസ്ഥാനത്തു അടിയന്തര ഘട്ടങ്ങളിൽ പോലും അത് അനുവദിക്കാൻ കഴിയില്ല എന്ന സുപ്രീം കോടതി തീർപ്പു ഏകകണ്ഠമായിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ അബോർഷൻ അനുവദിക്കുന്നത് ടെക്സസ് നിയമത്തിന്റെ ലംഘനം ആവുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അമ്മയുടെ ആരോഗ്യം സംരക്ഷിക്കാൻ അനുമതി നൽകണമെന്ന ആരോഗ്യ വകുപ്പിന്റെ ചട്ടം ടെക്സസ് ആശുപത്രികൾക്കു ബാധകമല്ലെന്ന് കീഴ്കോടതി പറഞ്ഞിരുന്നു.
ആ തീർപ്പു ശരിയല്ലെന്നും ഫെഡറൽ നിയമം അനുസരിക്കേണ്ടതാണ് എന്നുമുള്ള അപ്പീൽ വാദം സുപ്രീം കോടതി സ്വീകരിച്ചില്ല.