ആഡംബര കപ്പലിലെ യാത്രക്കാര്‍ക്കിടയില്‍ നോറോവൈറസ് (Norovirus) ബാധ. യാത്രക്കാരും ജീവനക്കാരും അടക്കം ഇരുന്നൂറിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് കിഴക്കന്‍ കരീബിയനിലേക്ക് പോവുകയായിരുന്ന ക്വീന്‍ മേരി-2 എന്ന ക്രൂസ് കപ്പലിലാണ് സംഭവം. വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ അമേരിക്കയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (CDC) പുറത്തുവിട്ടത്.

ആഡംബരകപ്പലില്‍ 2,538 യാത്രക്കാരും 1,232 ജീവനക്കാരും സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരായ 224 പേര്‍ക്കും ജീവനക്കാരായ 17 പേര്‍ക്കുമാണ് നിലവില്‍ രോഗം ബാധിച്ചതെന്ന് സിഡിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 18 നായിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് നോറോ വൈറസ് ബാധയുടെ പ്രധാന ലക്ഷണം.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും കപ്പല്‍ അണുവിമുക്തമാക്കാന്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയെന്നും ക്വീന്‍ മേരി-2ന്റെ ഉടമസ്ഥരായ Cunard Lines പ്രസ്താവനയിലൂടെ അറിയിച്ചു. ഓരോ യാത്രക്കാരും പ്രത്യേകം നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചവര്‍ ഐസോലേഷനിലാണെന്നും കമ്പനി വ്യക്തമാക്കി.

നിലവില്‍ നോര്‍ത്ത്-വെസ്റ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയാണ് ക്വീന്‍ മേരി-2 സഞ്ചരിക്കുന്നത്. വൈറസ് പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ തിരികെ സതാംപ്ടണിലേക്ക് തന്നെ തിരിച്ചു. സതാംപ്ടണില്‍ നിന്ന് കരീബിയനിലേക്ക് 29 ദിവസത്തെ റൗണ്ട്-ട്രിപ്പിനായി മാര്‍ച്ച് എട്ടിനായിരുന്നു കപ്പല്‍ യാത്ര ആരംഭിച്ചത്. ഏപ്രില്‍ ആറിന് അവസാനിക്കുന്ന വിധമായിരുന്നു ആസൂത്രണം ചെയ്തിരുന്നതെങ്കിലും ആദ്യ സ്റ്റോപ്പായ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ വൈറസ് വ്യാപനം സ്ഥിരീകരിക്കുകയായിരുന്നു.