ഗ്രാമപഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാർക്ക് മുമ്ബാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറൻസ് വഴി വിവാഹം രജിസ്ട്രർ ചെയ്യാൻ അനുമതി തേടിയുള്ള പരാതിയിൽ ആണ് ഈ നിർദ്ദേശം. 2019ല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്ബതികളില്‍ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവർക്കും, അയല്‍സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവർക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നഗരസഭയില്‍ കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ ദമ്ബതികള്‍ക്ക് വീഡിയോ കെവൈസി വഴി എവിടെയിരുന്നും രജിസ്ട്രേഷൻ നടത്താൻ സൗകര്യമൊരുങ്ങി. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സേവനം ലഭ്യമായിരുന്നില്ല.
പരാതി പരിഗണിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീഡിയോ കോണ്‍ഫറൻസിലൂടെ രജിസ്ട്രാർക്ക് മുൻപില്‍ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്തില്‍ വിവാഹിതരാവുന്നവ ദമ്ബതികള്‍ക്കും സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാർക്ക് മുൻപില്‍ ഓണ്‍ലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനുള്ള ചട്ടഭേദഗതി ഉടൻ കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളില്‍ കെ സ്മാർട്ട് വിന്യസിക്കുന്നത് വരെ ഈ സൗകര്യം തുടരും. കെ സ്മാർട്ട് വിന്യസിക്കുമ്ബോള്‍ വീഡിയോ കെ വൈ സി വഴി എളുപ്പത്തില്‍ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും.
ഇടുക്കി ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി കെ ശ്രീകുമാർ നല്‍കിയ പരാതി, സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്കാണ് വഴിവെച്ചത്.