മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രിയും കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ എത്തിയ മന്ത്രിയുമായി കോവളത്ത് വെച്ചാണ് ഞായറാഴ്ച ചർച്ച നടത്തിയത്. 

കേരളത്തിന്‍റെ തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്. പദ്ധതിക്കായി 150 ഏക്കർ സ്ഥലമാണ് വേണ്ടത്. കാസർകോട്ടെ ചീമേനിയാണ് ഇതിന് അനുയോജ്യസ്ഥലമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലയം സ്ഥാപിച്ചാൽ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതിൽ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തിൽ 10% ത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹർലാൽ അഭിപ്രായപ്പെട്ടു.കാർബൺരഹിത പുനരുപയോഗ ഊർജ്ജരംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ അഭിനന്ദിച്ച അദ്ദേഹം ഈ രംഗത്തെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും വാഗ്ദാനം നൽകി.